ആലപ്പുഴയിൽ CPM നേതാവ് പ്രതിയായ ലൈംഗികാതിക്രമ കേസിൽ പരാതി പിൻവലിച്ചെന്ന് വ്യാജരേഖ ഉണ്ടാക്കിയതായി ആരോപണം. പരാതി പിൻവലിച്ചെന്ന സത്യവാങ്മൂലവും തന്റെ ഒപ്പും വ്യാജമാണെന്ന് പരാതിക്കാരി. പരാതിക്കാരിയായ CPM പ്രവർത്തക ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം നൽകി.
ആലപ്പുഴ പുന്നമട CPM ലോക്കൽ സെക്രട്ടറിയായ എസ്.എം.ഇക്ബാലിനെതിരെയാണ് പാർട്ടി പ്രവർത്തകയും മഹിള അസോസിയേഷൻ പ്രാദേശികനേതാവുമായിരുന്ന വീട്ടമ്മ പരാതി നൽകിയത്. പാർട്ടി ഓഫിസിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്തില്ല. ഇതിനിടെ പ്രതി മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു.
കേസ് ഒത്തുതീർപ്പാക്കിയെന്ന് പ്രതി മുൻകൂർ ജാമ്യ ഹർജിയിൽ പറയുന്നതു വ്യാജമാണെന്ന് പരാതിക്കാരി പറയുന്നു തന്‍റെ വ്യാജ ഒപ്പിട്ടാണ് കേസ് ഒത്തുതീർപ്പാക്കിയെന്ന് രേഖ ജാമ്യഹർജിക്കൊപ്പം നൽകിയത്.ഒപ്പിടാൻ താൻ അഭിഭാഷകന്റെ ഓഫിസിൽ പോയിട്ടില്ലെന്ന് ഹൈക്കോടതിയിൽ പരാതിക്കാരി സമർപ്പിച്ച എതിർ സത്യവാങ്ങ് മൂലത്തിൽ പറയുന്നു.വ്യാജ രേഖ ഹാജരാക്കിയ പ്രതിക്കെതിരെ നടപടിയെടുക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടു.
സിപിഎം പുന്നമട മുൻ ലോക്കൽ സെക്രട്ടറി എസ്. എം. ഇക്ബാൽ പാർട്ടി ഓഫിസിൽ വച്ചു പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണു കേസ്.പാർട്ടിക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. ഇക്ബാലിനെ തന്നെ വീണ്ടും LC സെക്രട്ടറിയായി തിരഞ്ഞെടുക്കുകയും ചെയ്തു. വീട്ടമ്മയുടെ പരാതിയിൽ പ്രതിയാക്കി കേസെടുത്തതോടെ ഇക്ബാലിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. പരാതി പിൻവലിക്കാൻ ചില നേതാക്കൾ സമ്മർദ്ദം ചെലുത്തിയെങ്കിലും വീട്ടമ്മ വഴങ്ങിയില്ല