എറണാകുളം വടക്കന്‍ പറവൂരിലെ മോഷണശ്രമങ്ങള്‍ക്കു പിന്നില്‍ കുറുവാ സംഘമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ്. പ്രാദേശിക മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണമെന്ന് ആലുവ റൂറല്‍ എസ്പി വ്യക്തമാക്കി. പ്രത്യേക അന്വേഷണസംഘത്തിനാണ് കേസിന്‍റെ ചുമതല. കൊച്ചി നഗരത്തിലും പട്രോളിങ് ശക്തമാക്കിയതായി ഡിസിപി പറഞ്ഞു.
പത്തിലധികം വീടുകളില്‍ മോഷണശ്രമം നടന്ന് മൂന്നുദിവസം കഴിഞ്ഞിട്ടും മോഷാടാക്കളെ കുറിച്ച് പൊലീസിന് വ്യക്തത ലഭിച്ചിട്ടില്ല. കുറുവാ സംഘമെന്ന് ആദ്യം കരുതിയെങ്കിലും ഇതുവരെയും സ്ഥിരീകരിക്കാനായില്ല. രണ്ട് കേസുകള്‍ വടക്കേക്കര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എഫ്ഐആറിലും കുറുവാ സംഘത്തെക്കുറിച്ച് പരാമര്‍ശമില്ല.
മോഷണശ്രമം നടന്ന വീടുകള്‍, സന്ദര്‍ശിച്ച ആലുവ റൂറല്‍ എസ്പി വൈഭവ് സക്സേന, മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘത്തെ അന്വേഷണം ഏല്‍പ്പിച്ചു. റൂറല്‍ പരിധിയിലുള്ള മോഷ്ടാക്കളെയും ഇതര സംസ്ഥാന തൊഴിലാളികളെയും പ്രത്യേകം നിരീക്ഷിക്കും.
കുറുവാ സംഘമെന്ന ഭീതി പടരുന്നതിനിടെ പറവൂരില്‍ പൊലീസ് പട്രോളിങ് ശക്തമാക്കി. നാട്ടുകാരുടെ നേതൃത്വത്തിലും സ്ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. കൊച്ചി നഗരത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡിസിപി കെ.എസ്.സുദര്‍ശന്‍ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് മുഖം മറച്ച് അര്‍ധനഗ്നരായെത്തിയ സംഘം വീടുകളുടെ പിന്‍വാതില്‍ തകര്‍ത്ത് മോഷണത്തിന് ശ്രമിച്ചത്. മോഷണരീതിയിലും വസ്ത്രധാരണത്തിലും കുറുവാ സംഘത്തിനോട് സാമ്യമുളളതിനാലാണ് വീടുകളില്‍ കയറിയത് കുറുവാ സംഘമെന്ന സംശയം പൊലീസിനുണ്ടായത്.