വടക്കന്‍ പറവൂരിന് പുറമെ എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലും ഭീതിപരത്തി കവര്‍ച്ചാസംഘങ്ങള്‍. പെരുമ്പാവൂര്‍ ടൗണിലും പരിസരപ്രദേശങ്ങളിലും ഒരുമാസത്തിനിടെ കവര്‍ച്ച നടന്നത് അന്‍പതിലേറെ ഇടങ്ങളില്‍. ഇന്ന് പുലര്‍ച്ചെയടക്കം ഒന്നരമാസത്തിനിടെ നഗരമധ്യത്തിലെ ക്രൈസ്തവ ദേവാലയത്തില്‍ മോഷ്ടാക്കളെത്തിയത് നാല് തവണ.
പെരുമ്പാവൂര്‍ ടൗണിലെ ബഥേല്‍ സുലോക്കോ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ഒന്നരമാസത്തിനിടെ മോഷ്ടാക്കള്‍ എത്തുന്നത് നാലാംതവണ. സെപ്റ്റംബര്‍ 20നും ഒക്ടോബര്‍ അഞ്ച്, പതിമൂന്ന് തീയതികളിലും ഇതേ പള്ളിയില്‍ മോഷ്ടാക്കളെത്തി.
ദൃശ്യങ്ങള്‍ തെളിവായി ലഭിച്ചിട്ടും മോഷ്ടാക്കള്‍ക്കായി പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. പട്രോളിങും അന്വേഷണവും ഊര്‍ജിതമെന്ന് പൊലീസ് ആവര്‍ത്തിക്കുന്നതിനിടെ നഗരത്തില്‍ മോഷ്ടാക്കള്‍ വിലസുകയാണ്. ടിബി റോഡിലെ മാങ്കുടി സജിയുടെ വീട്ടിൽ ജനൽ പൊളിച്ച് അകത്തു കയറിയ മോഷ്ടാവ് മൊബൈൽ ഫോണും പണവും കവർന്നത് വെള്ളിയാഴ്ച പട്ടാപ്പകല്‍.
പകൽ പോലും സമാധാനത്തോടെ വീടുകളിൽ കഴിയാൻ പറ്റാത്ത സാഹചര്യത്തിലേക്ക് പെരുമ്പാവൂർ മാറിക്കഴിഞ്ഞു. പൊലീസ് പരാജയപ്പെടുമ്പോള്‍ മോഷ്ടാക്കളെ നേരിടാന്‍ ജനകീയസമിതികള്‍ രൂപം നല്‍കുകയാണ് നാട്ടുകാര്‍.
വൈശാഖ് കോമാട്ടില്‍