തെലുങ്കര്‍ക്കെതിരായ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ നടി കസ്തൂരിയെ ജയിലിലടച്ചു. നവംബര്‍ 29 വരെ നടിയെ എഗ്മൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. ഇതിനിടെ താന്‍ ഒളിവില്‍ പോയില്ലെന്നും അറസ്റ്റ് ചെയ്തത് ഹൈദരാബാദിലെ സ്വന്തം വീട്ടില്‍ നിന്നാണെന്നും നടി കസ്തൂരി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ഇന്നലെ ഹൈദരാബാദില്‍ നിന്നാണ് ഒളിവില്‍ കഴിഞ്ഞിരുന്ന നടി കസ്തൂരിയെ ചെന്നൈയില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇന്ന് രാവിലെ റോഡ് മാര്‍ഗമാണ് ഇവരെ ചെന്നൈ ചിന്താദ്രിപ്പേട്ട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. ഇവിടെ നിന്ന് ചോദ്യം ചെയ്യലിന് ശേഷം എഗ്മൂര്‍ കോടതിയില്‍ ഹാജരാക്കി. കോടതി 29 വരെ റിമാന്‍ഡ് ചെയ്തതോടെ പുഴല്‍ വനിതാ ജയിലിലേക്ക്.
ഇതിനിടെ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ളത് എന്ന് അവകാശപ്പെടുന്ന കസ്തൂരിയുടെ വീഡിയോ പുറത്തുവന്നു. താന്‍ ഒളിവില്‍ പോയിട്ടില്ലെന്നും ഹൈദരാബാദില്‍ പോയത് ഷൂട്ടിങ്ങിനാണെന്നും നടി.
നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഹിന്ദു മക്കള്‍ കക്ഷി എഗ്മൂറില്‍ നടത്തിയ പ്രകടനത്തിലായിരുന്നു നടിയുടെ വിവാദ പരാമര്‍ശം. തമിഴ് രാജാക്കന്‍മാരുടെ അന്തപ്പുരങ്ങളില്‍ പരിചാരകരായി വന്ന തെലുങ്കര്‍, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു ബിജെപി അനുഭാവിയായ നടിയുടെ പ്രസംഗം. അനിയന്‍ ബാവ ചേട്ടന്‍ ബാവ അടക്കമുള്ള മലയാള ചിത്രങ്ങളിലും ഒട്ടേറെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും നായികയായി അഭിനയിച്ചിട്ടുണ്ട്.