ആലപ്പുഴ മണ്ണഞ്ചേരി പ്രദേശത്തു മോഷണങ്ങൾ നടത്തിയത് ഇന്നലെ കുണ്ടന്നൂരിൽ പിടിയിലായ സന്തോഷ് ശെൽവമെന്നു പൊലീസ് സ്ഥിരീകരിച്ചു. സന്തോഷിന്റെ നെഞ്ചിലെ പച്ചകുത്തൽ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞത് അന്വേഷണത്തിൽ നിർണായക തെളിവായി. തമിഴ്നാട് കാമാക്ഷിപുരത്തുനിന്നു സന്തോഷ് ഉൾപ്പെടെ 14 പേർ കേരളത്തിൽ മോഷണത്തിന് എത്തിയതായി വിവരം.
മോഷണ സംഘത്തിലെ തമ്മിലടിയിലൂടെ പൊലീസിനു വിവരങ്ങൾ കിട്ടി. സന്തോഷിനൊപ്പമുണ്ടായിരുന്ന മോഷ്ടാവിനെ തിരിച്ചറിഞ്ഞു. ഇയാളുടെ വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല.
സന്തോഷ് സെല്‍വത്തിനെതിരെ തമിഴ്നാട്ടില്‍ 18 ഉം കേരളത്തില്‍ എട്ടും കേസുകള്‍ നിലവിലുണ്ട്.
Read Also: കുറുവ സംഘത്തെപ്പറ്റി അറിയില്ലെന്നു ബന്ധുക്കള്‍; സ്റ്റേഷനു മുന്നിൽ നാടകീയ രംഗങ്ങൾ
ഇന്നലെ രാത്രി കൊച്ചി കുണ്ടന്നൂരില്‍നിന്ന് പിടികൂടിയ ഇരുവരെയും കവര്‍ച്ച നടന്ന വീടുകളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അതേസമയം കുറുവ സംഘത്തെ എത്തിച്ച ആലപ്പുഴ മണ്ണഞ്ചേരി സ്റ്റേഷനു മുന്നിൽ നാടകീയ രംഗങ്ങള്‍ അരങ്ങേറി. പിടിയിലായ സന്തോഷ് സെൽവം , മണികണ്ഠൻ എന്നിവരുടെ ബന്ധുക്കൾ സ്റ്റേഷനിലെത്തി. സന്തോഷിന്റെ ഭാര്യ ജ്യോതി, അമ്മ സ്വർണമ്മ , മണികണ്ഠന്റെ ബന്ധുക്കൾ എന്നിവരാണ് എത്തിയത്. കുറുവ സംഘത്തെപ്പറ്റി അറിയില്ലെന്നാണ് ഇവരുടെ വാദം
കഴിഞ്ഞദിവസം പൊലീസ് പിടിയിലായ കുറുവ സംഘം കുണ്ടന്നൂരിലെത്തിയത് മൂന്നുമാസം മുൻപാണ്. രണ്ടു പുരുഷന്മാർ അടക്കം 7 മുതിർന്നവർ സംഘത്തിൽ ഉണ്ടായിരുന്നു. കുഞ്ഞുങ്ങളും ഇവരോടൊപ്പം ഉണ്ടായിരുന്നു. വലിയ ശല്യമായിരുന്നു ഇവരെന്ന് കുണ്ടന്നൂർ പാലത്തിന് താഴെ താമസിക്കുന്നവർ പറഞ്ഞു. ദിവസവും ഇവർ തമ്മിൽ തമ്മിൽ വഴക്കിടാറുണ്ടെന്നും, തങ്ങളോടും മോശമായാണ് പെരുമാറാറുള്ളതെന്നും ഇവിടെയുള്ള താമസക്കാരി മനോരമ ന്യൂസിനോട് പറഞ്ഞു. ഇവിടെ താമസിക്കുന്ന അഞ്ചുപേരെ കഴിഞ്ഞദിവസം മരട് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വിവരങ്ങൾ ശേഖരിച്ച ശേഷമാണ് ഇവരെ വിട്ടയച്ചത്.