സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹരജിയിൽ വിധി പറയുന്നത് മാറ്റി വെച്ചു. റിയാദ് ക്രിമിനൽ കോടതിയുടെ പുതിയ ബെഞ്ചാണ് ഹർജിയിൽ വിധി പറയുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി വെച്ചത്.
സന്തോഷവാർത്ത കാത്തിരുന്ന എല്ലാവരെയും നിരാശരാക്കുന്ന നടപടിയാണ് റിയാദ് ക്രിമിനൽ കോടതിയിൽ നിന്നുണ്ടായത്. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ തടവിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനഹർജിയിലെ വിധി അറിയാൻ ഇനിയും രണ്ടാഴ്ച കാത്തിരിക്കണം. കേസ് പരിഗണിച്ച റിയാദ് ക്രിമിനൽ കോടതി വിധി പറയാതെ കേസ് മാറ്റിവയ്ക്കുകയായിരുന്നു.
മരിച്ച സൗദി ബാലന്റെ കുടുംബം ആവശ്യപ്പെട്ട ദിയാധനം നൽകിയതിനെ തുടർന്ന് ജൂലൈ രണ്ടിനാണ് അബ്ദുറഹീമിന്റെ വധശിക്ഷ സൗദി സുപ്രീം കോടതി റദ്ദാക്കിയത്. 34 കോടി രൂപയാണ് റഹീമിന്റെ മോചനത്തിനായി കൈമാറിയത്. ഇതേ തുടർന്ന് മോചനഹർജി കഴിഞ്ഞ മാസം പരിഗണിച്ചുവെങ്കിലും വധ ശിക്ഷ റദ്ദാക്കിയ അതേ ബഞ്ച് തന്നെ മോചന ഉത്തരവ് പുറപ്പെടുവിക്കേണ്ടതുണ്ടെന്ന് സാങ്കേതിക കാരണത്താൽ കേസ് മാറ്റി വെക്കുകയായിരുന്നു.
റഹീമിന്റെ അഭിഭാഷകൻ ഉസാമ അൽ അമ്പർ, റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവ്വൂർ, ഇന്ത്യൻ എംബസി പ്രതിനിധി യൂസുഫ് കാക്കഞ്ചേരി എന്നിവരാണ് ഇന്ന് കോടതിയിൽ ഹാജരായത്. 18 വർഷം മുൻപ് ഡ്രൈവറായി ജോലി കിട്ടി സൗദിയിലെത്തി ഒരു മാസത്തിനകമാണ് അബ്ദുല്‍ റഹീം കൊലക്കേസ് പ്രതിയായി ജയിലിലാകുന്നത്. റിയാദ് അൽ ഇസ്കാൻ ജയിലിൽ കഴിയുന്ന റഹീമിനെ അമ്മയു സഹോദരനും അടക്കം കഴിഞ്ഞ ആഴ്ച സൗദിയിലെത്തി കണ്ടിരുന്നു.