kuruva-ponnamma

ആലപ്പുഴ മണ്ണഞ്ചേരിയിലും കോമളപുരത്തും കവര്‍ച്ച നടത്തിയത് കുറുവസംഘമെന്ന് ഉറപ്പിച്ച് പൊലീസ്. ഇന്നലെ കുണ്ടന്നൂരില്‍നിന്ന് പിടിയിലായ സന്തോഷ് ശെല്‍വന്‍, മണികണ്ഠന്‍ എന്നിവരാണ് പ്രതികളെന്ന് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി കൊച്ചി കുണ്ടന്നൂരില്‍നിന്ന്  പിടികൂടിയ ഇരുവരെയും  കവര്‍ച്ച നടന്ന വീടുകളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അതേസമയം കുറുവ സംഘത്തെ എത്തിച്ച ആലപ്പുഴ മണ്ണഞ്ചേരി സ്റ്റേഷനു മുന്നിൽ നാടകീയ രംഗങ്ങൾ. പിടിയിലായ സന്തോഷ് സെൽവം , മണികണ്ഠൻ എന്നിവരുടെ ബന്ധുക്കൾ സ്റ്റേഷനിലെത്തി. സന്തോഷിന്റെ ഭാര്യ ജ്യോതി, അമ്മ സ്വർണമ്മ , മണികണ്ഠന്റെ ബന്ധുക്കൾ എന്നിവരാണ് എത്തിയത്. കുറുവ സംഘത്തെപ്പറ്റി അറിയില്ലെന്നാണ് ഇവരുടെ വാദം 

Read Also: മണ്ണഞ്ചേരിയിലും കോമളപുരത്തും കവര്‍ച്ച നടത്തിയത് കുറുവസംഘം; സ്ഥിരീകരണം

അതേസമയം, കൊച്ചി കുണ്ടന്നൂർ പാലത്തിന് താഴെയുള്ള വൃത്തിഹീനമായ ചുറ്റുപാടിലാണ് കുറുവ സംഘാംഗങ്ങൾ ഒളിച്ചു താമസിച്ചിരുന്നത്. എങ്ങനെ ഒരു മനുഷ്യന് ജീവിക്കാൻ പറ്റുമെന്ന് ആർക്കും സംശയം തോന്നാവുന്ന ഷെഡ്ഡിലായിരുന്നു ഇവരുടെ താമസം. പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയതിനു ശേഷം സന്തോഷിനെ പിടികൂടിയതും സമീപത്തു നിന്ന് തന്നെയായിരുന്നു. 

 

കുറുവ മോഷണ സംഘത്തിലെ രണ്ട് പ്രധാനികളെ കൊച്ചിയില്‍ നിന്ന് സിനിമയെ വെല്ലുന്ന നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കൊടുവിലാണ് പിടികൂടിയത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം പൊലീസിനെ ആക്രമിക്കാന്‍ തുനിഞ്ഞതോടെ പിടിയിലായവരില്‍ സന്തോഷ് സെല്‍വ എന്ന ആള്‍ രക്ഷപ്പെട്ടു. കുണ്ടന്നൂര്‍ പാലത്തിന് സമീപം അഞ്ചു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ട സന്തോഷ് പിന്നീട് വലയിലായത്. ഇവരെ ആലപ്പുഴ പൊലീസ് ട്രെയിനിങ് സെന്‍ററില്‍ എത്തിച്ചു.

ആലപ്പുഴ, എറണാകുളം ജില്ലകളിലെ വിവിധ ഇടങ്ങളില്‍ മോഷണം നടത്തിയ കുറുവ സംഘത്തിലെ പ്രധാനികളെന്ന് പൊലീസ് കരുതുന്ന സന്തോഷ് സെല്‍വ, മണികണ്ഠന്‍ എന്നിവരെ അതിസാഹസികമായാണ് പിടികൂടിയത്. നിരവധി കേസുകളില്‍ പ്രതിയായ സന്തോഷിനെക്കുറിച്ച് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ആലപ്പുഴയില്‍ നിന്നുള്ള പൊലീസ് സംഘം കൊച്ചിയില്‍ വൈകീട്ടോടെ പരിശോധന ആരംഭിച്ചു. കുണ്ടന്നൂര്‍ പാലത്തിന് സമീപത്തെ പരിശോധനയില്‍ സന്തോഷിനെ കണ്ടെത്തി. ആയുധങ്ങളുമായി ആക്രമിക്കാന്‍ ശ്രമിച്ച സന്തോഷിനെ പിടികൂടി. കൈവിലങ്ങ് അണിയിച്ച് ജീപ്പില്‍ ഇരുത്തി. തുടര്‍ന്ന് സമീപത്തുവച്ചു തന്നെ മണികണ്ഠനെ പിടികൂടി. അതിനിടയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട കുറവ സംഘം പൊലീസ് ജീപ്പ് ആക്രമിക്കാന്‍ ശ്രമിച്ചു. വനിത പൊലീസ് ഇല്ലാത്തതിനാല്‍ പൊലീസ് പ്രതിരോധത്തിലായി. ഈ സാഹചര്യം മുതലെടുത്ത് സന്തോഷ് ജീപ്പില്‍ നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ടു. ഒാടുന്നതിനിടെ വസ്ത്രങ്ങള്‍ ഉൗരിയെറി‍‍ഞ്ഞു. 

കുണ്ടന്നൂര്‍ പാലത്തിന് സമീപത്തെ ചതുപ്പില്‍ അഞ്ചു മണിക്കൂറോളം പൊലീസ് സന്തോഷിനായി തിരച്ചില്‍ നടത്തി. നീന്തിരക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് അഗ്നിരക്ഷാസേനയുടെ സഹായത്തോടെ ബോട്ടില്‍ സഞ്ചരിച്ച് പരിശോധന നടത്തി. പാലത്തിന് സമീപത്തെ ചതുപ്പിനോട് ചേര്‍ന്നുള്ള കലുങ്കില്‍ ഒളിച്ചിരുന്ന സന്തോഷിനെ ഒടുവില്‍ പിടികൂടി. കൊച്ചി സിറ്റി പൊലീസിന്‍റെയും ആലപ്പുഴ പൊലീസിന്‍റെയും സംയുക്ത നീക്കമാണ് ഫലം കണ്ടത്. ആലപ്പുഴ ഡിവൈഎസ്പി എം.ആര്‍ മധുബാബുവും എറണാകുളം എസിപി പി രാജ്കുമാറും തിരച്ചില്‍ ഏകോപിച്ചു.  

കുണ്ടന്നൂരിൽ പിടിയിലായ കുറുവ  സംഘത്തിന് എറണാകുളം വടക്കൻ പറവൂരിലെ മോഷണവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു. ഇവരുടെ സംഘത്തിൽ പെട്ടവരാണോ പറവൂരിലെ മോഷണത്തിന് പിന്നിലെന്നാണ് പരിശോധിക്കുന്നത്. മോഷണ സംഘം എത്തിയ വടക്കൻ പറവൂരിലെ സ്ഥലങ്ങളിൽ പൊലീസ് രാത്രികാല പരിശോധന ശക്തമാക്കി. ചേന്ദമംഗലം വടക്കൻ പറവൂർ ഭാഗങ്ങളിലെ പത്തോളം വീടുകളിലാണ് കുറുവ സംഘവുമായി സാദൃശ്യമുള്ള മോഷ്ടാക്കൾ എത്തിയത്. 

റസിഡൻസ് അസോസിയേഷനും പോലീസും സംയുക്തമായാണ് രാത്രികാല പരിശോധന നടത്തുന്നത്. ചേന്ദമംഗലം വടക്കൻ പറവൂർ ഭാഗങ്ങളിലെ പത്തോളം വീടുകളിലാണ് കുറുവ സംഘവുമായി സാദൃശ്യമുള്ള മോഷ്ടാക്കൾ എത്തിയത്. മുൻപ് മോഷണ കേസുകളിൽ പ്രതികളായവരെയും ഇതര സംസ്ഥാന തൊഴിലാളികളെയും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വഷണം നടക്കുന്നത്. അതേസമയം പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്ന് കേസ് അന്വഷിക്കുന്ന മുനമ്പം ഡിവൈഎസ്പി: എസ്. ജയകൃഷ്ണൻ വ്യക്തമാക്കി

Google News Logo Follow Us on Google News

ENGLISH SUMMARY:

Relatives say they don't know about the Kuruva gang; Dramatic scenes in front of the station