കുറുവ മോഷണ സംഘത്തിലെ രണ്ട് പ്രധാനികളെ കൊച്ചിയില്‍ നിന്ന് സിനിമയെ വെല്ലുന്ന നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍ പിടികൂടി. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം പൊലീസിനെ ആക്രമിക്കാന്‍ തുനിഞ്ഞതോടെ പിടിയിലായവരില്‍ സന്തോഷ് സെല്‍വ എന്ന ആള്‍ രക്ഷപ്പെട്ടു. കുണ്ടന്നൂര്‍ പാലത്തിന് സമീപം അഞ്ചു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ട സന്തോഷ് പിന്നീട് വലയിലായത്.
ആലപ്പുഴ, എറണാകുളം ജില്ലകളിലെ വിവിധ ഇടങ്ങളില്‍ മോഷണം നടത്തിയ കുറുവ സംഘത്തിലെ പ്രധാനികളെന്ന് പൊലീസ് കരുതുന്ന സന്തോഷ് സെല്‍വ, മണികണ്ഠന്‍ എന്നിവരെ അതിസാഹസികമായാണ് പിടികൂടിയത്. നിരവധി കേസുകളില്‍ പ്രതിയായ സന്തോഷിനെക്കുറിച്ച് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ആലപ്പുഴയില്‍ നിന്നുള്ള പൊലീസ് സംഘം കൊച്ചിയില്‍ വൈകീട്ടോടെ പരിശോധന ആരംഭിച്ചു.
കുണ്ടന്നൂര്‍ പാലത്തിന് സമീപത്തെ പരിശോധനയില്‍ സന്തോഷിനെ കണ്ടെത്തി. ആയുധങ്ങളുമായി ആക്രമിക്കാന്‍ ശ്രമിച്ച സന്തോഷിനെ പിടികൂടി. കൈവിലങ്ങ് അണിയിച്ച് ജീപ്പില്‍ ഇരുത്തി. തുടര്‍ന്ന് സമീപത്തുവച്ചു തന്നെ മണികണ്ഠനെ പിടികൂടി. അതിനിടയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട കുറവ സംഘം പൊലീസ് ജീപ്പ് ആക്രമിക്കാന്‍ ശ്രമിച്ചു. വനിത പൊലീസ് ഇല്ലാത്തതിനാല്‍ പൊലീസ് പ്രതിരോധത്തിലായി. ഈ സാഹചര്യം മുതലെടുത്ത് സന്തോഷ് ജീപ്പില്‍ നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ടു. ഓടുന്നതിനിടെ വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞു.
കുണ്ടന്നൂര്‍ പാലത്തിന് സമീപത്തെ ചതുപ്പില്‍ അഞ്ചു മണിക്കൂറോളം പൊലീസ് സന്തോഷിനായി തിരച്ചില്‍ നടത്തി. നീന്തിരക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് അഗ്നിരക്ഷാസേനയുടെ സഹായത്തോടെ ബോട്ടില്‍ സഞ്ചരിച്ച് പരിശോധന നടത്തി. പാലത്തിന് സമീപത്തെ ചതുപ്പിനോട് ചേര്‍ന്നുള്ള കലുങ്കില്‍ ഒളിച്ചിരുന്ന സന്തോഷിനെ ഒടുവില്‍ പിടികൂടി. കൊച്ചി സിറ്റി പൊലീസിന്‍റെയും ആലപ്പുഴ പൊലീസിന്‍റെയും സംയുക്ത നീക്കമാണ് ഫലം കണ്ടത്. ആലപ്പുഴ ഡിവൈഎസ്പി എം.ആര്‍ മധുബാബുവും എറണാകുളം എസിപി പി രാജ്കുമാറും തിരച്ചില്‍ ഏകോപിച്ചു.