വില്‍പ്പനയ്ക്കായുള്ള ഐസ് രുചിച്ച് നോക്കിയ ശേഷം വില്‍പ്പന നടത്തിയ കോഴിക്കോട് കിഴക്കോത്തെ ഐസ് നിര്‍മ്മാണ യൂണിറ്റ് പൊലീസ് അടച്ചുപൂട്ടി. വില്‍പ്പനയ്ക്ക് തൊട്ടുമുമ്പ് ഐസ് നുണഞ്ഞ നടത്തിപ്പുകാരാനായി തിരച്ചില്‍ തുടരുകയാണ്. യൂണിറ്റിന്‍റെ റജിസ്ട്രേഷന്‍ ഭക്ഷ്യസുരക്ഷാവകുപ്പ് റദ്ദാക്കി.
കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി കിഴക്കോത്ത് പ്രവര്‍ത്തിക്കുന്ന ഐസ് – മീ എന്ന സ്ഥാപനത്തില്‍ ഐസ് വാങ്ങാന്‍ എത്തിയ മാങ്ങാട് സ്വദേശി പകര്‍ത്തിയ ദൃശ്യങ്ങളാണിത്. ഐസ് നിര്‍മ്മാണ യൂണിറ്റിന്‍റെ നടത്തിപ്പുക്കാരനായ അമ്പലപ്പറമ്പ് സ്വദേശി റാഷിദ് ഓരോ ഐസ് സ്റ്റിക്കും എടുത്ത് രുചിച്ച് നോക്കി പാക്ക് ചെയ്തുവെക്കുന്നു. ദൃശ്യങ്ങള്‍ പ്രദേശത്തെ സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ പ്രചരിച്ചതോടെ പ്രതിഷേധവുമായി നാട്ടുകാരെത്തി. സ്ഥാപനം അടച്ച് രക്ഷപ്പെടാനൊരുങ്ങിയ റാഷിദിനെ നാട്ടുകാര്‍ തടഞ്ഞുവെച്ചു.
ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പും പൊലീസും സംയുക്തമായി സ്ഥാപനത്തില്‍ പരിശോധന നടത്തി .സാംപിളുകള്‍ ശേഖരിച്ചു. സ്ഥാപനത്തിന്‍റെ റജിസ്ട്രേഷനും റദ്ധാക്കിയിട്ടുണ്ട്. കൂടുതല്‍ പരിശോധനയ്ക്ക് ശേഷം തുടര്‍നടപടികളുണ്ടാകുമെന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെ ഉറപ്പ്.