കോഴിക്കോട് തിക്കോടിയിൽ കടലിൽ മുങ്ങിമരിച്ച വയനാട് സ്വദേശികളായ നാലുപേരുടെയും പോസ്റ്റുമോർട്ടം പൂർത്തിയായി. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. ആയിരകണക്കിന് സന്ദർശകർ എത്തുന്ന തിക്കോടി ബീച്ചിൽ യാതൊരുവിധ സുരക്ഷാ മുൻകരുതലുകളും ഇല്ല.
ഒഴിവു ദിവസങ്ങളിൽ ആയിരക്കണക്കിന് സന്ദർശകർ എത്തുന്ന ബീച്ച് ആണ് തിക്കോടിയിലേത്. പയ്യോളി മുതൽ തിക്കോടി വരെ പരന്നുകിടക്കുന്ന അഞ്ച് കിലോമീറ്റർ ഡ്രൈവ് ഇൻ ബീച്ച്. കണ്ടാൽ സുരക്ഷിതമെന്ന് തോന്നുന്ന ഈ കടൽത്തീരമാണ് നാലുപേരുടെ ജീവൻ കവർന്നത്. 24 മണിക്കൂറും സജീവമായ ബീച്ചിൽ സ്ഥിരം ലൈഫ് ഗാർഡുമാർ പോലുമില്ല. സഞ്ചാരികൾക്ക് വേണ്ട പ്രാഥമിക സൗകര്യങ്ങളും ഇല്ല.
ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് അടക്കം നേരിട്ട് പരാതി നൽകിയിട്ടും നടപടികൾ ഒന്നും ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. അപകടത്തിൽ മരിച്ച നാലു പേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത് മത്സ്യത്തൊഴിലാളികളാണ്. മരിച്ച കൽപ്പറ്റ സ്വദേശികളായ വാണി, ഫൈസൽ എന്നിവരുടെയും മാനന്തവാടി സ്വദേശിയായ അനീസയുടെയും മൃതദേഹങ്ങൾ ഇന്ന് സംസ്കരിക്കും. ഭാര്യ വിദേശത്തുള്ള കൽപ്പറ്റ സ്വദേശി ബിനീഷിന്‍റെ സംസ്കാരം നാളെ നടക്കും. വയനാട് കൽപ്പറ്റയിൽ പ്രവർത്തിക്കുന്ന ജിമ്മിൽ നിന്നും കോഴിക്കോട്ടേക്ക് വിനോദയാത്രയ്ക്ക് വന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.