TOPICS COVERED

കാസർകോട് മഞ്ചേശ്വരത്ത് അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ. മംഗലാപുരം പുത്തൂർ സ്വദേശി അഷറഫിനെയാണ് മലപ്പുറം വണ്ടൂരിൽ നിന്ന് പിടികൂടിയത്. ഇയാൾ ഉപയോഗിച്ചിരുന്ന വ്യാജ ആധാർ കാർഡും കണ്ടെത്തി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

മലപ്പുറം വണ്ടൂരിൽ നിന്ന് വിവാഹം കഴിച്ച അഷറഫ്, വണ്ടൂർ സ്വദേശി മൻസൂർ എന്ന പേരിലാണ് വ്യാജ ആധാർ കാർഡ് ഉണ്ടാക്കിയത്. ഇത് ഉപയോഗിച്ചായിരുന്നു കേരളത്തിലെ പ്രതിയുടെ സഞ്ചാരം. വടക്കൻ കേരളത്തിൽ പ്രതിക്കെതിരെ നിരവധി കേസുകൾ ഉണ്ട്. മോഷ്ടിച്ച ബൈക്കിൽ സഞ്ചരിച്ചായിരുന്നു മോഷണം. മഞ്ചേശ്വരം സ്റ്റേഷൻ പരിധിയിൽ പള്ളികളും, വീടുകളും ഉൾപ്പെടെ 15 ഓളം സ്ഥലങ്ങളിലാണ് അഷറഫ് മോഷണം നടത്തിയത്.

മഞ്ചേശ്വരത്ത് നിന്നും മോഷ്ടിച്ച മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പൊലീസിന്റെ പിടിയിലാകുന്നത്. മലപ്പുറം വണ്ടൂരിലെ കടയിൽ ഈ മൊബൈൽ ഫോൺ വിറ്റെന്നു മനസ്സിലായതോടെ കട ഉടമയിൽ നിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ മൻസൂർ എന്ന പേരിൽ അഷറഫ് നിർമ്മിച്ച വ്യാജ ആധാർ കാർഡും പിടിച്ചെടുത്തു. കടയിലേക്ക് വിളിച്ചു വരുത്തിയ അഷറഫിനെ മഞ്ചേശ്വരം പൊലീസ് പിടികൂടുകയായിരുന്നു. ഇയാൾ മോഷ്ടിച്ച മറ്റ് മൊബൈൽ ഫോണുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.