TOPICS COVERED

ട്രെയിനുകളിലും റെയിൽവേ പ്ലാറ്റ്ഫോമുകളിലും  മോഷണം പതിവാക്കിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. തിരുപ്പുറം കാണംപഴഞ്ഞി സ്വദേശി പ്രദീപാണ് തിരുവനന്തപുരത്ത് ആർപിഎഫിന്റെ പിടിയിലായത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

യാത്രക്കാരിൽ നിന്ന് മോഷ്ടിച്ച സാധനങ്ങൾ മറിച്ചു വിൽക്കുവാനായി പോകുമ്പോഴാണ്  കുപ്രസിദ്ധ മോഷ്ടാവ് പ്രദീപ് ആര്‍ പി എഫിന്റെ വലയില്‍ വീണത്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാടത്തിന് സമീപം വച്ചാണ് ഇയാളെ പിടികൂടിയത്. ആര്‍ പി എഫ് ഉദ്യോഗസ്ഥരെ കണ്ട് കൈവശമുണ്ടായിരുന്ന ബാഗ് ഉപേക്ഷിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു.  ബാഗിൽ നിന്ന് മോഷ്ടിച്ച മൊബൈൽ ഫോണുകൾ, ഐപാഡുകൾ, ക്യാമറകൾ, വാച്ചുകൾ എന്നിവ കണ്ടെടുത്തു. ആറ് ലക്ഷത്തിലധികം രൂപയുടെ മോഷണ മുതലാണ് പിടിച്ചെടുത്തത്. മോഷണം തടയുന്നതിനായി ക്രൈം ഇന്റലിജൻസ് ബ്രാഞ്ചിന്റേയും ക്രൈം പ്രിവൻഷൻ സ്ക്വാഡിന്റേയും നേതൃത്വത്തിൽ പരിശോധന നടത്തുമ്പോഴാണ് മോഷ്ടാവ് പിടിയിലായത്. മോഷണ മുതലുകൾ വിറ്റു കിട്ടുന്ന പണം കൊണ്ട് ആർഭാട ജീവിതം നയിക്കുന്നയാളാണ് പ്രതി.  

പിടിച്ചെടുത്ത മോഷണമുതലുകള്‍ റജിസ്റ്റര്‍ ചെയ്ത ഏതെല്ലാം കേസുകളുമായി ബന്ധപ്പെട്ടതാണെന്ന് അന്വേഷിക്കുകയാണ്. മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ വിലപിടിപ്പുളള സാധനങ്ങള്‍ മോഷണം പോകുന്നത് ആര്‍ പി എഫിന് സ്ഥിരം തലവേദനയാകുന്നതിനിടെയാണ് പെരുംകളളന്റെ അറസ്റ്റ് .