കളമശേരിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരി ജെയ്സിയെ കൊലപ്പെടുത്തിയത് ഡംബല്‍ കൊണ്ട് തലയ്ക്കടിച്ച്. പ്രതി ഗിരീഷ് ബാബു ബാഗില്‍ ഒളിപ്പിച്ചാണ് ഡംബല്‍ എത്തിച്ചത്. ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയായിരുന്നു കൊലപാതകം. കേസില്‍ സുഹൃത്തും കൂട്ടാളിയും അറസ്റ്റില്‍. ഇന്‍ഫോപാര്‍ക്കിലെ ജീവനക്കാരനായ കാക്കനാട് സ്വദേശി ഗിരീഷ് ബാബു സുഹൃത്ത് ഖദീജ എന്നിവരാണ് കളമശേരി പൊലീസിന്‍റെ പിടിയിലായത്.
പെരുമ്പാവൂര്‍ സ്വദേശി ജെയ്സി എബ്രഹാമിനെ ഈ മാസം പതിനേഴിനാണ് കൂനംതൈയിലെ അപ്പാര്‍ട്മെന്‍റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജെയ്സിയുടെ സ്വര്‍ണവും പണവും കൈക്കലാക്കാനായിരുന്നു കൊലപാതകം. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ജെയ്സിയെ ഗിരീഷ് കൊലപ്പെടുത്തിയത്. ഈ ഗൂഡാലോചനയിലാണ് ഖദീജയ്ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയത്. കൊല ആസൂത്രണം ചെയ്തത് ഖദീജയുടെ വീട്ടില്‍വച്ചാണ്.പൊലീസിന്‍റെ കണ്ണുവെട്ടിക്കാന്‍ ഹെല്‍മെറ്റ് ധരിച്ചാണ് ഗിരീഷ് ജെയ്സിയുടെ വീട്ടിലെത്തിയതും മടങ്ങിയതും. കവര്‍ന്ന രണ്ട് പവന്‍റെ സ്വര്‍ണാഭരണങ്ങള്‍ ഇടുക്കിയില്‍ വില്‍പന നടത്തിയതായും കണ്ടെത്തി. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കാനഡയിൽ ജോലിയുള്ള ഏക മകൾ അമ്മയെ ഫോണിൽ വിളിച്ചു കിട്ടാതായപ്പോൾ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തലയിലുള്ള ആഴത്തിലുള്ള മുറിവു കണ്ടതോടെ പൊലീസിനു കൊലപാതകമാണോ എന്ന് ആദ്യഘട്ടത്തില്‍ തന്നെ സംശയമുണ്ടായിരുന്നു. മുഖത്ത് വികൃതമായ രീതിയിലായിരുന്നു പരുക്കേറ്റിരുന്നത്. മർദനത്തിന് ശേഷമാണ് മരണമെന്ന് ഇന്നലെ തന്നെ പൊലീസിന് വിവരമുണ്ടായിരുന്നു. തുടർന്ന് കളമശേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് തലയ്ക്കേറ്റ ഗുരുതരമായ പരുക്കാണ് മരണകാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചത്. പ്രതിയെ കണ്ടുപിടിക്കാൻ ഫ്ലാറ്റിൽ സ്ഥിരമായി വന്നുപോവുന്നവരെയും സിസിടിവിയും കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു.