ഇനി മുതല്‍ സസ്യാഹാരം മാത്രം കഴിച്ചാല്‍ മതിയെന്നും മാംസാഹാരം പൂര്‍ണമായും ഉപേക്ഷിക്കണമെന്നും കാമുകന്‍ കര്‍ശന ഉപാധി മുന്നോട്ടുവച്ചതോടെ ജീവനൊടുക്കി കാമുകിയായ പൈലറ്റ്. എയര്‍ ഇന്ത്യയില്‍ പൈലറ്റായിരുന്ന സൃഷ്ഠി തുലി എന്ന ഇരുപത്തിയഞ്ചുകാരിയെ മുബൈയിലെ ഫ്ലാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാമുകന്‍, ആദിത്യ പണ്ഡിറ്റ് (27) പൊലീസ് കസ്റ്റഡിയിലായി.
സൃഷ്ഠി മാംസാഹാരം ഉപേക്ഷിക്കമെന്ന് ആദിത്യ വാശിപിടിച്ചിരുന്നു. ഇതിന്‍റെ പേരില്‍ സൃഷ്ഠിയെ മറ്റുള്ളവരുടെ മുന്നിലിട്ട് ആദിത്യ കളിയാക്കുന്നത് പതിവായിരുന്നുവെന്ന് എഫ്.ഐ.ആറിലുണ്ട്. സൃഷ്ഠിയുടെ അമ്മാവന്‍ വിവേക്‌കുമാര്‍ നരേന്ദ്രകുമാര്‍ തുലി പൊലീസില്‍ നല്‍കിയ പരാതിയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ആദിത്യ സൃഷ്ഠിയോട് മോശമായി പെരുമാറിയ ഒട്ടേറെ സാഹചര്യങ്ങളുണ്ട്. അതെല്ലാം സൃഷ്ഠിയെ മാനസികമായി തളര്‍ത്തിയിരുന്നവെന്നാണ് പരാതിയിലുള്ളത്.
കഴിഞ്ഞ വര്‍ഷം തന്‍റെ കാര്‍ ആദിത്യ എടുത്തുകൊണ്ടുപോയിരുന്നു. തന്‍റെ മകള്‍ റാഷിയെയും സൃഷ്ഠിയെയും ഡല്‍ഹിയില്‍ ഷോപ്പിങ്ങിന് കൊണ്ടുപോകാനായിട്ടാണ് കാര്‍ എടുത്തത്. അന്ന് സൃഷ്ഠിയും ആദിത്യയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. റാഷിയുടെ മുന്നില്‍ വച്ച് സൃഷ്ഠി ബഹുമാനക്കുറവോടെ ആദിത്യയോട് സംസാരിച്ചു എന്നു പറഞ്ഞായിരുന്നു ഇത്. ദേഷ്യത്തില്‍ ആദിത്യ കാര്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചു കയറ്റി. അന്ന് കാറിന് കാര്യമായ കേടുപാടുണ്ടായി. എന്നാല്‍ ആദിത്യയ്ക്ക് യാതൊരു ഭാവമാറ്റവുമില്ലായിരുന്നുവെന്നും വിവേക്‌കുമാര്‍ പറയുന്നു.
ഈ വര്‍ഷം മാര്‍ച്ചിലും റാഷിക്കൊപ്പമായിരിക്കെ തന്നെ സൃഷ്ഠിയോട് ആദിത്യ വളരെ മോശമായി പൊതുവിടത്തില്‍ പെരുമാറി. ഗുരുഗ്രാമില്‍ ഡിന്നറിന് പോയ ദിവസമായിരുന്നു അത്. സൃഷ്ഠിക്കും ആദിത്യയ്ക്കും റാഷിക്കുമൊപ്പം റാഷിയുടെ കൂട്ടുകാരുമുണ്ടായിരുന്നു. ആദിത്യ ഒഴികെ എല്ലാവരും മാംസാഹാരമാണ് ഓര്‍ഡര്‍ ചെയ്തത്. ഇതിന് ആദിത്യ സൃഷ്ഠിയോട് വഴക്കിട്ടു.
വഴക്കിനൊടുവില്‍ സൃഷ്ഠിയും ആദിത്യയും സസ്യാഹാരം തന്നെ തിരഞ്ഞെടുക്കാം എന്ന തീരുമാനത്തിലെത്തി. വേറെ ഹോട്ടലിലേക്കെന്ന് പറഞ്ഞ് ഇരുവരും അവിടെ നിന്നിറങ്ങി. എന്നാല്‍ കുറച്ചുകഴിഞ്ഞപ്പോള്‍ സൃഷ്ഠി റാഷിയെ വിളിച്ചു, ആദിത്യ തന്നെ വഴിയില്‍ ഇറക്കിവിട്ടുവെന്ന് പറഞ്ഞു. ഈ സംഭവത്തിനു ശേഷം റാഷിയോട് സൃഷ്ഠി ചില കാര്യങ്ങള്‍ പറഞ്ഞു. ആദിത്യയുമായുള്ള ബന്ധത്തില്‍ താന്‍ ഒരിക്കലും സന്തുഷ്ടയല്ല. എന്നാല്‍ അവനെ അത്രയും സ്നേഹിച്ചുപോയി, പിന്മാറാനും കഴിയുന്നില്ല എന്ന് സൃഷ്ഠി മകളോട് പറഞ്ഞിരുന്നതായി വിവേക്‌കുമാര്‍ പറയുന്നു.
മറ്റൊരു അവസരത്തില്‍ ആദിത്യ സൃഷ്ഠിയുടെ ഫോണ്‍ നമ്പറടക്കം ബ്ലോക്ക് ചെയ്ത് പോയിരുന്നു. അന്നും സൃഷ്ഠി ഓരുപാട് വിഷമിച്ചു. ആദിത്യയുടെ വീട്ടിലെ ഒരു ചടങ്ങിന് സൃഷ്ഠി കൂടെവേണമെന്ന് ആദിത്യ പറഞ്ഞു. എന്നാല്‍ അന്നേദിവസം സൃഷ്ഠിക്ക് ഡ്യൂട്ടിയുണ്ടായിരുന്നു. ഇത് പറഞ്ഞപ്പോള്‍ ആദിത്യ ദേഷ്യപ്പെട്ടു. അത് വലിയ വഴക്കായി, 10– 12 ദിവസത്തോളം സൃഷ്ഠിയുടെ ഫോണ്‍ നമ്പരടക്കം ആദിത്യ ബ്ലോക്ക് ചെയ്തു. ഇങ്ങനെ തൊട്ടതിനും പിടിച്ചതിനുമെല്ലാം ആദിത്യ സൃഷ്ഠിയെ വേദനിപ്പിച്ചുകൊണ്ടിരുന്നു.
രണ്ടു വര്‍ഷം മുന്‍പ് ഡല്‍ഹിയില്‍ പൈലറ്റ് പഠനത്തിനെത്തിയപ്പോഴാണ് ഇരുവരും തമ്മില്‍ കാണുന്നതും പ്രണയത്തിലായതും. മറ്റുള്ളവരുടെ മുന്നില്‍വച്ച് ആദിത്യ സൃഷ്ഠിയെ കളിയാക്കുന്നതും വിഷമിപ്പിക്കുന്നതും വഴക്കിട്ട് നമ്പര്‍ ബ്ലോക്ക് ചെയ്യുന്നതുമെല്ലാം പതിവായിരുന്നു. സൃഷ്ഠിയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. കേബിളില്‍ തൂങ്ങിമരിച്ച നിലയിലാണ് സൃഷ്ഠിയെ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ആദിത്യയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. നവംബര്‍ 29 വരെ പ്രതിയെ കോടതി പൊലീസ് കസ്റ്റഡിയില്‍ അയച്ചിരിക്കുകയാണ്.