നാലു വയസ്സുള്ള മകളെ നാല്‍പതിനായിരം രൂപയ്ക്ക് വിറ്റ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിഹാര്‍ സ്വദേശികളായ ദമ്പതികളാണ് പൊലീസ് പിടിയിലായത്. ബഡാഗഡാ പൊലീസ് ഭൂവനേശ്വറില്‍ വച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സാമ്പത്തിക ബാധ്യതകള്‍ കാരണമാണ് മകളെ വില്‍ക്കാന്‍ തീരുമാനിച്ചതെന്നാണ് ദമ്പതികള്‍ പൊലീസില്‍ പറഞ്ഞത്.
പിപിലിയിലുള്ള കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്കാണ് ഇവര്‍ കുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ പൊലീസ് സുരക്ഷാകേന്ദ്രത്തിലാക്കി. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും കുട്ടിയുടെ മാതാപിതാക്കളും കച്ചവടത്തില്‍ ഇടനിലക്കാരായി നിന്നവരും അടക്കം ആറുപേരെ ചോദ്യംചെയ്തു വരികയാണെന്നും പൊലീസ് അറിയിച്ചു.
ബുധനാഴ്ച രാവിലെയാണ് പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ വില്‍ക്കുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചത്, തൊട്ടുപിന്നാലെ പിപിലിയിലെത്തി തിരച്ചില്‍ നടത്തിയപ്പോള്‍ കുട്ടിയെ കണ്ടുകിട്ടുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. പ്രദേശത്ത് ഇത്തരം സംഭവം മുന്‍പ് ഉണ്ടായിട്ടുണ്ടോ, ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരുടെ വിവരങ്ങള്‍ തുടങ്ങിയവ ശേഖരിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.