സ്കൂളില്‍ ഉച്ചഭക്ഷണമായി കഴിക്കാന്‍ കൊടുത്തുവിട്ട പൂരി തൊണ്ടയില്‍ കുടുങ്ങി കുട്ടി മരിച്ചു. ആഹാരം തൊണ്ടയില്‍ കുടുങ്ങി ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചത്. ഹൈദരാബാദിലാണ് സംഭവം. ആറാം ക്ലാസുകാരനെ ഉടന്‍ തന്നെ അധ്യാപകര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
സെക്കന്തരാബാദിലുള്ള ഒരു സ്കൂളിലാണ് അതിദാരുണ സംഭവമുണ്ടായത്. കുട്ടി ശ്വാസം കിട്ടാതെ പിടയുന്നത് കണ്ട മറ്റ് വിദ്യാര്‍ഥികളാണ് വിവരം അധ്യാപകരെ അറിയിച്ചത്. വികാസ് ജെയ്ന്‍ എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. വികാസ് ശ്വാസം കിട്ടാതെ പിടയുന്നത് കണ്ടുനിന്ന വിദ്യാര്‍ഥികളും പരിഭ്രാന്തരായി. അധ്യാപകര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ച് അടിയന്തര വൈദ്യസഹായം നല്‍കി വരുമ്പോഴേക്കും മരണം സംഭവിച്ചു. കുട്ടിയുടെ മരണത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ട്.
കുറച്ചു ദിവസങ്ങളായി ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ മാസം ദോശ തൊണ്ടയില്‍ കുടുങ്ങി അന്ധ്രാ സ്വദേശി മരിച്ചിരുന്നു. 43 വയസ്സുകാരനായ വെങ്കട്ടയ്യ ആണ് മരിച്ചത്. ജൂണ്‍ മാസത്തില്‍ ചിക്കന്‍ ബിരിയാണി കഴിച്ച യുവാവ് എല്ല് തൊണ്ടയില്‍ കുടുങ്ങി മരിച്ചിരുന്നു 37കാരനായ സോനുഗോമുല ശ്രീകാന്ത് ആണ് മരിച്ചത്. സമാന സംഭവം മഹാബുബ്നഗറിലുമുണ്ടായി. ചിക്കന്‍റെ എല്ല് തൊണ്ടയില്‍ കുടുങ്ങി ജിതേന്ദ്ര എന്നയാള്‍ ഇവിടെ മരിച്ചിരുന്നു.