പത്തനംതിട്ടയിൽ മരിച്ച പ്ലസ്ടു വിദ്യാർഥിനി ഗർഭിണി എന്നറിഞ്ഞതോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി കണ്ടെത്തൽ. പെൺകുട്ടി എഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തു. സഹപാഠിയുടെ രക്തം ഡിഎൻഎ പരിശോധനയ്ക്കായി ശേഖരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പനി ബാധിച്ച് മരിച്ച പെൺകുട്ടിയെ പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ ഗർഭിണിയായിരുന്നു എന്ന് കണ്ടെത്തിയത്.
സ്കൂൾ ബാഗിൽ നിന്നാണ് കുറിപ്പ് കിട്ടിയത്. അച്ഛനോടും അമ്മയോടും പെൺകുട്ടി ക്ഷമ ചോദിക്കുന്നതാണ് കത്ത്. മകൾ അധ്യാപികയായി കാണണമെന്ന അമ്മയുടെ ആഗ്രഹത്തെ കുറിച്ചും കത്തിലുണ്ട്. ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നാണ് പൊലീസിന് മനസ്സിലാകുന്നത്. പെൺകുട്ടി അമിതമായി മരുന്നു കഴിച്ചിരുന്നു. ഗർഭസ്ഥശിശു മരിച്ചു അണുബാധയുണ്ടായെന്നാണ് സംശയം. പോസ്റ്റ്മോർട്ടത്തിൽ ഗർഭിണിയാണെന്ന് കണ്ടെത്തിയശേഷം പൊലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തിരുന്നു.
ഗർഭത്തിന് കാരണക്കാരൻ എന്ന് സംശയിക്കുന്ന സഹപാഠിയുടെ മൊഴിയെടുത്തു. പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു എന്ന് സഹപാഠി മൊഴി നൽകിയിട്ടുണ്ട്. ഡി എൻ എ പരിശോധനയ്ക്കായി രക്തസാമ്പിൾ ശേഖരിച്ചു. ഗർഭസ്ഥശിശുവിന്റെ സാമ്പിൾ നേരത്തെ ശേഖരിച്ചിരുന്നു. ഫലം വന്നശേഷം സഹപാഠിയെ പ്രതിചേർത്തേക്കും. കടുത്ത പനിയെ തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ തിങ്കളാഴ്ച പുലർച്ചെയാണ് വിദ്യാർത്ഥിനി മരിച്ചത്. പോസ്റ്റ്മോർട്ടത്തിലാണ് അഞ്ചുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്.