ഒരേ നമ്പറില്‍ രണ്ട് സ്കൂട്ടര്‍. എ.ഐ ക്യാമറ വന്ന നാള്‍ മുതല്‍ ക്യാമറയേയും മോട്ടോര്‍ വാഹനവകുപ്പിനെയും കബളിപ്പിച്ചിരുന്ന വ്യാജ സ്കൂട്ടര്‍ വിരുതന്‍ ഒടുവില്‍ തിരുവനന്തപുരം മലയിന്‍കീഴില്‍ പിടിയിലായി. അമ്പതിനായിരം രൂപയാണ് ഈ വ്യാജ വണ്ടിക്ക് വിവിധ കുറ്റങ്ങളിലായി പിഴ അടയ്ക്കാനുള്ളത്.
KL 16 U 8633, ഒരു നമ്പര്‍, രണ്ട് സ്കൂട്ടര്‍, മോഡലും നിറവും രൂപവും എല്ലാം ഒന്ന്. സയാമീസ് ഇരട്ടകളായ ഈ സ്കൂട്ടര്‍ മോട്ടോര്‍ വാഹനവകുപ്പിനെയും പൊലീസിനെയുമെല്ലാം വട്ടം കറക്കിയത് കുറച്ചൊന്നുമല്ല. ഇതില്‍ യഥാര്‍ത്ഥ സ്കൂട്ടറിന്റെ ഉടമ തിരുവനന്തപുരം മണക്കാട് സ്വദേശി മായയാണ്. എ.ഐ കാമറ 2023 ജൂണില്‍ പ്രവര്‍ത്തനം തുടങ്ങിയത് മുതല്‍ മായയ്ക്ക് ഇടക്കിടെ പിഴ നോട്ടീസ് വരും. ഹെല്‍മറ്റ് വെക്കാതെയും മൂന്നുപേരെ വച്ചുമൊക്കെ വണ്ടിയോടിച്ചെന്നാണ് കുറ്റം. അത് താനല്ലെന്ന് ഉറപ്പായതോടെ മായ പൊലീസിലും എം.വി.ഡിയിലും പരാതി നല്‍കി. അവര്‍ നോക്കിയപ്പോള്‍ കാട്ടാക്കട റോഡിലുള്ള കാമറയിലാണ് വ്യാജന്‍ പതിവായി കുടുങ്ങുന്നത്. അന്ന് മുതല്‍ തുടങ്ങിയ അന്വേഷണത്തിനൊടുവിലാണ് വ്യാജന്‍ പിടിയിലായത്.
മലയിന്‍കീഴ് സ്വദേശിയായ യുവാവാണ് സ്കൂട്ടറിന്റെ നിലവിലെ ഉടമ. നാല് വര്‍ഷം മുന്‍പ് മറ്റൊരാളില്‍ നിന്ന് വാങ്ങിയതാണെന്നും അന്ന് മുതല്‍ സ്കൂട്ടറിന്റെ നമ്പര്‍ ഇതാണെന്നുമാണ് മറുപടി. പക്ഷെ സ്കൂട്ടറിന്റെ ആര്‍.സി ബുക്കോ രേഖകളോ ഒന്നും യുവാവിന്റെ കയ്യിലില്ല. അതിനാല്‍ ആരാണ് വ്യാജ നമ്പര്‍ ഉണ്ടാക്കിയതെന്ന് കണ്ടെത്താന്‍ വിശദ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.