kollam-dowry

കൊല്ലം കുണ്ടറയില്‍ ഏഴു ദിവസം മുന്‍പ് വിവാഹിതയായ യുവതിയെ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് മര്‍ദിച്ചതായി പരാതി. ഭര്‍ത്താവ് പേരയം സ്വദേശി നിതിനെതിരെ ഗാര്‍ഹികപീഡനത്തിന് കുണ്ടറ പൊലീസ് കേസെടുത്തു. സ്വര്‍ണാഭരണത്തെച്ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് മര്‍ദിച്ചെന്നാണ് ബാങ്ക് ഉദ്യോഗസ്ഥയായ യുവതിയുടെ പരാതി.  

 

പത്തുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ മാസം ഇരുപത്തി‍അഞ്ചിനാണ് പേരയം സ്വദേശിയായ നിതിനും നാന്തിരിക്കല്‍ സ്വദേശിയായ ഇരുപത്തിയൊന്‍പതുകാരിയും തമ്മില്‍ വിവാഹം നടന്നത്. ഇരുപതു പവന്‍ സ്വര്‍ണാഭരണം യുവതിയുടെ വീട്ടുകാര്‍ സമ്മാനമായി നല്‍കിയിരുന്നു. 29 ന് സ്വര്‍ണാഭരണം എവിടെയെന്ന് ഭര്‍ത്താവ് നിതിന്‍ ചോദിച്ചപ്പോള്‍ പണയം വച്ചെന്നായിരുന്നു യുവതിയുടെ മറുപടി. 

   

പിന്നീട് കിടപ്പുമുറിയില്‍ വച്ച് ക്രൂരമായി മര്‍‌ദിച്ചെന്നാണ് പരാതി. അടിക്കുകയും കടിക്കുകയും ചെയ്തതിന്റെ അടയാളം യുവതിയുടെ ശരീരത്തിലുണ്ട്. പത്തനംതിട്ട കൊടുമണ്ണില്‍ ബവ്റിജസ് മദ്യക്കടയിലെ ജീവനക്കാരനാണ് നിതിന്‍. സ്ത്രീധനം ആവശ്യപ്പെട്ടെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണെന്ന് നിതിന്റെ വീട്ടുകാര്‍ പറയുന്നു. യുവതി നിതിനെ ആക്രമിച്ചെന്നും ആരോപണം. ഗാര്‍ഹീകപീഡനത്തിന് നിതിനെതിരെ കേസെടുത്തതായി കുണ്ടറ പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

kollam kundara dowry case