കൊച്ചിയിലെ വെർച്ച്വൽ അറസ്റ്റ് കേസിൽ തട്ടിയെടുത്ത പണമെത്തിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം. തട്ടിപ്പ് സംഘത്തിന് സ്വന്തം ബാങ്ക് അക്കൗണ്ടുകൾ വിറ്റവരും കേസിൽ പ്രതികളാകും. കൊടുവള്ളിയിൽ ഒട്ടേറെപേര്‍ പണം വാങ്ങി അക്കൗണ്ടുകൾ വിൽപന നടത്തിയെന്നാണ് പിടിയിലായവരുടെ മൊഴി.
കാക്കനാട് സ്വദേശിനിയില്‍ നിന്ന് തട്ടിയ നാല് കോടി പതിനൊന്ന് ലക്ഷം രൂപ സൈബര്‍ മാഫിയ കൈവശപ്പെടുത്തിയ 650 അക്കൗണ്ടുകളിലൂടെയാണ് കടന്നുപോയത്. ഇതില്‍ നൂറിലേറെ അക്കൗണ്ടുകള്‍ മലപ്പുറം ജില്ലയില്‍. ഈ അക്കൗണ്ടുകളെ പിന്തുടര്‍ന്നുള്ള അന്വേഷണമാണ് മലപ്പുറം, കോഴിക്കോട് സ്വദേശികളുടെ അറസ്റ്റിലേക്ക് നയിച്ചത്. കൊടുവള്ളിയിൽ ബാങ്ക് അക്കൗണ്ട് വിൽപന വ്യാപകമെന്നാണ് പിടിയിലായവരുടെ മൊഴി. സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ മുതിര്‍ന്നവര്‍ എന്നിവരുടെ പേരുകളില്‍ വിവിധ ബാങ്കുകളില്‍ അക്കൗണ്ടുകള്‍ തുറന്ന് അത് പിന്നീട് സൈബര്‍ മാഫിയക്ക് വില്‍ക്കുന്നതാണ് രീതി.
ഓരോ അക്കൗണ്ടിനും ആയിരം മുതല്‍ അയ്യായിരം രൂപ വരെ ഉടമയ്ക്ക് ലഭിക്കും. ഉടമകള്‍ അറിയാതെ അവരുടെ തിരിച്ചറിയല്‍ രേഖകള്‍ കൈക്കലാക്കി അക്കൗണ്ടുകള്‍ തുറക്കുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. ഈ അക്കൗണ്ടുകളിലേക്കാണ് സൈബര്‍ കുറ്റക്യത്യത്തിലൂടെ തട്ടിയെടുക്കുന്ന പണം പലഘട്ടങ്ങളായി എത്തുന്നത്. കുറ്റകൃത്യത്തിലും അക്കൗണ്ട് ഉടമകളും അറിഞ്ഞോ അറിയാതെയും പങ്കാളികളാവുകയാണ്. അക്കൗണ്ട് ബോധപൂര്‍വം സൈബര്‍ മാഫിയയക്ക് വിറ്റവരെയും കേസില്‍ പ്രതികളാക്കാനാണ് തീരുമാനം. തട്ടിപ്പിൽ ബാങ്ക് അധികൃതരുടെ പങ്കും സംശയിക്കുന്നുണ്ട്.
സ്കൂൾ, കോളജ് വിദ്യാർഥികളുടെ പേരിലുള്ള അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങൾ എത്തിയിട്ടും പരിശോധനയോ പൊലീസിനെ അറിയിക്കാത്തതുമാണ് സംശയം ബലപ്പെടുത്തുന്നത്. പണമെത്തി നിമിഷങ്ങള്‍ക്കകം കൂടുതല്‍ അക്കൗണ്ടുകളിലേക്ക് വീതംവെച്ച് അയക്കുന്നതിലും ബാങ്ക് ജീവനക്കാരുടെ പങ്ക് വ്യക്തം. അക്കൗണ്ട് വില്‍പനയും തട്ടിപ്പ് പണം കൈമാറികമ്മിഷൻ വാങ്ങലും കൊടുവള്ളിയിലെ പുതിയ ബിസിനസ്സെന്നാണ് പിടിയിലായവര്‍ വിശേഷിപ്പിച്ചത്.