കള്ളൻ കപ്പലിൽ തന്നെ എന്നു പറയുന്നതുപോലെ, പൊലീസിന് കള്ളനെ അന്വേഷിച്ച് അധികം പോകേണ്ടി വന്നില്ല..കാരണം അയൽവാസി തന്നെ കള്ളൻ. അതാണ് കണ്ണൂർ വളപ്പട്ടണത്ത് സംഭവിച്ചത്.

Also Read: വളപട്ടണം കവര്‍ച്ചയുടെ ദൃശ്യം പുറത്ത്; പ്രതി ലിജീഷിനെ കുടുക്കിയത് ഫോണ്‍ രേഖകള്‍

കഴിഞ്ഞമാസം 20ാം തീയതി രാത്രിയിലാണ് വളപ്പട്ടണം മന്നായിലെ അരി മൊത്ത വ്യാപാരി കെ.പി അഷ്റഫിന്റെ വീട്ടിൽ കവർച്ച നടന്നത്. എന്നാൽ 5 ദിവസത്തിനുശേഷം അതായത്, നവംബർ 25ന് അഷ്റഫും കുടുംബവും വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. 300 പവനും ഒരു കോടി രൂപയുമാണ് വീട്ടിൽ നിന്ന് നഷ്ടമായത്. ഒട്ടും വൈകിയില്ല,  പൊലീസിൽ പരാതി നൽകി. ടൗൺ എസിപി ടി.കെ.രത്നകുമാറിന്റെ നേതൃത്വത്തിൽ 20 പ്രത്യേക സംഘത്തെയും അന്വേഷണത്തിന് ചുമതലപ്പെടുത്തി. പീന്നീട് ഈ ​ഗ്രൂപ്പിലേക്ക് 5 പേർ കൂടെ ചേർന്നു. 

ഓരോ അം​ഗങ്ങളും എന്തൊക്കെ  അന്വേഷിക്കണമെന്ന് കൃത്യമായ നിർദേശം നൽകി. 100 സിസിടിവി ഫൂട്ടേജുകളും കോഴിക്കോട് മുതൽ മംഗലാപുരം വരെയുള്ള ടവർ ലൊക്കേഷനുകളിലായി 115 കോൾ ഡേറ്റ റെക്കോർഡുകളും പൊലീസ് പരിശോധിച്ചു. 76 പേരുടെ വിരലടയാളങ്ങൾ, വീടുകളിൽ സ്ഥിരം മോഷ്ടിക്കുന്ന 67 പേരുടെ മോഷണരീതി തുടങ്ങിയവയും പൊലീസ് വിലയിരുത്തി. 215 പേരെ ചോദ്യം ചെയ്തു. മോഷ്ടാവിനെ തേടി 35 ലോഡ്ജുകളിൽ കയറിയിറങ്ങി. 

സാധാരണ കള്ളൻമാർ ചെയ്യുന്നതുപോലെ ഓടിളക്കിയോ, അടുക്കള കുത്തിത്തുറന്നോ അല്ല, ജനലിന്‍റെ ഗ്രിൽ ഇളക്കിമാറ്റിയാണ് ലിജേഷ് ഉള്ളില്‍ കടന്നത്. ഗ്യാസ് കട്ടറോ മറ്റ് ഉപകരണങ്ങളോ  ഉപയോഗിച്ചതുമില്ല. പകരം,  ഉളി ഉപയോഗിച്ച് ജനലിന്‍റെ മരത്തടിയിൽ നിന്ന്  ഗ്രിൽ പിഴുതെടുക്കുകയായിരുന്നു. ഇതേ രീതിയിൽ മുൻപ് കീച്ചേരിയിൽ നടന്ന മോഷണത്തിലെ വിരലടയാളം പരിശോധിച്ചപ്പോൾ ലിജേഷിനു പിടിവീഴുകയും ചെയ്തു. 

സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ജീൻസ് ധരിച്ചയാളാണ് മോഷ്ടാവ്. എന്നാൽ ലിജേഷ് ആവട്ടെ പൊതുവെ പാന്‍റ്സ്  ധരിക്കാറുമില്ല. എന്നാൽ എല്ലാം മുകളിലിരുന്ന് ഒരാള്‍  കാണുന്നുണ്ടെന്ന് പറഞ്ഞപ്പോലെ മോഷണം നടന്ന അന്ന് രാത്രി ലിജേഷ് മുണ്ട് ധരിച്ച് റോഡിലൂടെ പോകുന്നത് അഷ്റഫിന്‍റെ വീട്ടിലെ സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു. സിസിടിവിയിൽ പതിഞ്ഞത് താൻ തന്നെയാണെന്നും മരുന്നുവാങ്ങാൻ പോയതാണെന്നും പൊലീസിനോടു സമ്മതിക്കുകയും ചെയ്തു. എന്നാൽ ലിജേഷിനെ കുടുക്കിയത് പാന്റും മുണ്ടുമൊന്നുമായിരുന്നില്ല. ഫോണിന്‍റെ സെർച്ച് ഹിസ്റ്ററി ആയിരുന്നു. ലിജേഷിന്‍റെ ഫോൺ പരിശോധിച്ചപ്പോൾ സേർച് ഹിസ്റ്ററിയിൽ അധികവും മോഷണവുമായി ബന്ധപ്പെട്ടതായിരുന്നു.

മോഷണം നടന്ന ദിവസവും അടുത്തദിവസം രാവിലെ 10 വരെ ഫോണിലേക്ക് കോളൊന്നും വന്നിരുന്നില്ല. എന്നാൽ ട്രാവൽ ഹിസ്റ്ററി കൃത്യമായി കാണിക്കുന്നുണ്ടായിരുന്നു. മൊബൈൽ  ഫോൺ ഫ്ലൈറ്റ് മോഡിൽ ഇട്ടതാണെന്നു പൊലീസിനു മനസ്സിലായി. മോഷണം നടത്തിയ ദിവസം ധരിച്ച വസ്ത്രങ്ങൾ അന്നുരാത്രി തന്നെ വീടിന്‍റെ മുകൾനിലയിൽ കൊണ്ടുപോയി കത്തിച്ചതായി ലിജേഷ് പൊലീസിനോടു വെളിപ്പെടുത്തി. 

ലിജേഷിനു വില്ലനായെത്തിയതും പൊലീസിനു നായകനായെത്തിയതും അഷ്റഫിന്‍റെ വീടിന്‍റെ സിസിടിവിയായിരുന്നു. 3 എണ്ണം മുകളിലും 4 എണ്ണം താഴെയുമായി ഏഴു സിസിടിവി കാമറകളുള്ള വീട്ടിൽ മോഷണത്തിനെത്തിയപ്പോൾ ലിജേഷ് പ്രഫഷനൽ മോഷ്ടാക്കൾ ചെയ്യുന്നതുപോലെ വീടിന്‍റെ  ഇടതുഭാഗത്തുള്ള രണ്ടു കാമറകളും താൻ പതിയാത്തവിധം തിരിച്ചുവച്ചു. പക്ഷേ, രണ്ടാമത്തെ കാമറ തിരിച്ചുവച്ചപ്പോൾ ഉണ്ടായ ഒരു ചെറിയ പാളിച്ച, അത് തിരിച്ചുവച്ചത് ലിജേഷിനു തന്നെയുള്ള കെണിയായി. വീടിന്റെ അകത്തെ ദൃശ്യങ്ങൾ പതിയുന്ന വിധമായിരുന്നു കാമറ തിരിച്ചുവച്ചത്. ഈ കാമറയുടെ സമീപത്തുള്ള ജനലിന്റെ ഗ്രിൽ എടുത്തുമാറ്റി അകത്തുകടന്ന ലിജേഷിന്‍റെ ദൃശ്യം പുറത്തെ കാമറയിൽ പതിഞ്ഞുക്കൊണ്ടെയിരുന്നു. ജനലിന്‍റെ കർട്ടൺ മാറ്റി പുറത്തേക്കു നോക്കിയതോടെ മോഷ്ടാവിന്‍റെ  മുഖത്തിന്‍റെ ഒരു ഭാഗവും കാമറയിൽ പതിഞ്ഞു. ഒപ്പം ശരീരഘടനയും രൂപവും വ്യക്തമായി. ഈ ദൃശ്യത്തിൽ പിടിച്ചാണ് അന്വേഷണസംഘം മുന്നോട്ടുപോയത്. കാർ പാർക്കിങ് ഏരിയയിലെ കാമറയിൽ ലിജേഷ് മതിൽ ചാടിയെത്തുന്ന ദൃശ്യവും പതിഞ്ഞു.

വീടിനുള്ളിൽ കയറാൻ ഉപയോ​ഗിച്ച ഉളി എടുക്കാൻ ലിജേഷ് മറന്നു. അതെടുക്കാൻ പിറ്റേന്ന് വീണ്ടും വീട്ടിൽ കയറി. 10 മിനിറ്റ് തിരഞ്ഞെങ്കിലും ഉളി കിട്ടിയില്ല. പക്ഷേ, അപ്പോഴും രണ്ടു ദിവസത്തിനിടയിലും ലിജേഷിന്‍റെ ഒരു വിരലടയാളം പോലും ആ വീട്ടിൽ പതിഞ്ഞിരുന്നില്ല. കീച്ചേരിയിലെ പഴയ മോഷണത്തിലെ വിരലടയാളവും പൊലീസ് കഴിഞ്ഞദിവസം ലിജേഷിൽനിന്നെടുത്ത സാംപിൾ വിരലടയാളവും സാമ്യമുണ്ടെന്നു കണ്ടെത്തിയതോടെയാണ് ലിജേഷിനു പിടിവീണത്. 

വെൽഡിങ് തൊഴിലാളിയായ ലിജേഷ് 2006 മുതൽ 3 വർഷം ഗൾഫിലായിരുന്നു. പിന്നീടാണ് നാട്ടിലെത്തി സ്വന്തമായി വെൽഡിങ് യൂണിറ്റ് തുടങ്ങിയത്. കീച്ചേരിയിൽ വെൽഡിങ് സ്ഥാപനമുണ്ടായിരുന്നു. അതിനടുത്തുള്ള ഒഴിഞ്ഞവീട് ശ്രദ്ധയിൽപ്പെട്ടതോടെ ആദ്യ മോഷണശ്രമം നടത്തി. സ്വത്തുകേസിൽ അടച്ചിട്ട വീടാണെന്നും അവിടെ ആരും എത്താറുമില്ലെന്നും അറിഞ്ഞ് ലിജേഷ് മോഷണം ആസൂത്രണം ചെയ്തു. വെൽഡിങ് ജോലിയായതിനാൽ ജനൽ തുറന്ന് ഗ്രിൽ നീക്കാൻ എളുപ്പമായിരുന്നു. എന്നാൽ ഈ കേസിൽ പിടിയിലാകാത്തത് വീണ്ടും മോഷണം നടത്താനുള്ള ധൈര്യം നൽകി. അയൽവാസി അഷ്റഫിന്റെ വീട്ടിൽ പണവും സ്വർണവും ഉണ്ടാകുമെന്ന ഉറപ്പോടെയായിരുന്നു മോഷണം ആസൂത്രണം ചെയ്തത്. 19ന് വീട്ടിൽ വെളിച്ചമൊന്നുമില്ലെന്നുകണ്ടപ്പോൾ വീട്ടുകാർ ഇല്ലെന്നുറപ്പായി. 20ന് രാത്രിയും ആളില്ലെന്നു കണ്ട് അന്നുരാത്രിതന്നെ മോഷ്ടിക്കാൻ കയറുകയായിരുന്നു.