എസ്എംഎ ബാധിതനായ കുഞ്ഞനുജന് വേണ്ടി സഹായം അഭ്യര്‍ഥിച്ച് ഒടുവില്‍ അതേ അസുഖം മൂലം മരണത്തിന് കീഴടങ്ങിയ കണ്ണൂരിലെ അഫ്രയെ ആരും മറക്കാനിടയില്ല. അന്ന് നമ്മള്‍ കണ്ട അഫ്രയുടെ സഹോദരന്‍ മുഹമ്മദ് ചെറുപുഞ്ചിരിയോടെ ജീവിതം തിരിച്ചുപിടിയ്ക്കുകയാണ്. അനുജന്‍റെ പുഞ്ചിരി കാണാന്‍ ചേച്ചിയില്ലെന്ന സങ്കടം മാത്രമാണ് ബാക്കി.
മാട്ടൂല്‍ മസ്ജിദിന്‍റെ ഖബര്‍സ്ഥാനില്‍ മൈലാഞ്ചിച്ചെടിയുടെ തണലുപറ്റി അഫ്ര ഉറങ്ങുന്നു. രണ്ട് വര്‍ഷമായി അവള്‍ പോയിട്ട്. ഇതിനിടെ അഫ്രയുടെ മുഹമ്മദ് അവള്‍ ആഗ്രഹിച്ചപോലെ വളര്‍ന്നുതുടങ്ങി.. അവന്‍ മുറ്റത്ത് ഓടി നടക്കുന്നു, സ്കൂളില്‍ പോകുന്നു, എല്ലാവരോടും കൂട്ടുകൂടുന്നു.
കൈപിടിച്ച് നടക്കാന്‍ രണ്ടാമത്തെ ചേച്ചി അന്‍സിലയുണ്ടെങ്കിലും അവന് ഒറ്റയ്ക്ക് നടക്കാനാണിഷ്ടം. അപ്പോഴും മുഹമ്മദിന്‍റെ കുഞ്ഞുഹൃദയത്തില്‍ അഫ്രയുണ്ട്.. ആരോ സമ്മാനിച്ച ചിത്രം വരച്ച കുപ്പിയില്‍ നോക്കി അവന്‍ പറഞ്ഞു.. "ഇതാ അഫ്രത്താത്ത"..
എന്‍റെ വേദന എന്‍റെ അനുജനുണ്ടാകരുതെന്ന അഫ്രയുടെ വാക്കുകള്‍ ഓരോ മലയാളി മനസിലുമുണ്ടാക്കിയ നൊമ്പരത്തിനൊടുവില്‍ ഒഴുകിയെത്തയത് കോടികളായിരുന്നു. അതില്‍ പതിനെട്ട് കോടി ചിലവാക്കി ജീന്‍ തെറപ്പി മരുന്ന് കുത്തിവെച്ച ശേഷമുള്ള മുഹമ്മദിന്‍റെ പുതുജീവിതവും പുഞ്ചിരിയുമാണ് കുടുംബത്തിന്‍റെ ഇന്നത്തെ സന്തോഷം.
രണ്ട് വയസിനുള്ളില്‍ സോള്‍ജെന്‍സ്മ എന്ന മരുന്ന് കുത്തിവെയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് അഫ്ര വീല്‍ചെയറിലായതും പിന്നീട് മരണത്തിന് കീഴടങ്ങിയതും. എന്നാല്‍ മുഹമ്മദിന് മരുന്നെത്തിച്ച് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയെങ്കിലും ലക്ഷങ്ങള്‍ വില വരുന്ന മരുന്നുകള്‍ ജീവിതാന്ത്യം വരെ കഴിച്ചേ മതിയാകൂ.. മരുന്ന് മുടങ്ങിപ്പോയാലുണ്ടാകുന്ന ദുരന്തം സങ്കല്‍പിക്കാന്‍ പോലുമാകില്ല.
മുഹമ്മദിന്‍റെ ഇന്നത്തെ പുഞ്ചിരി എക്കാലവും നിലനിര്‍ത്താനാണ് കുടുംബത്തിന്‍റെ പരിശ്രമം. ആ പുഞ്ചിരി കണ്ട് വേദനകളില്ലാത്ത ലോകത്തുനിന്ന് ചേച്ചി സന്തോഷിക്കുന്നുണ്ടാകണം.