കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പിച്ച് കൊടുംക്രൂരത. തിരുവനന്തപുരം ശിശുക്ഷേമസമിതിയിലെ ആയമാരാണ് കുട്ടിയെ ക്രൂരതയ്ക്ക് ഇരയാക്കിയത്. പോക്സോ കേസില്‍ ശിശുക്ഷേമ സമിതിയിലെ മൂന്ന് ആയമാരും അറസ്റ്റിലായി. അജിത, മഹേശ്വരി, സിന്ധു എന്നിവരാണ് അറസ്റ്റിലായത്. ജനനേന്ദ്രിയത്തിലും പിറകുവശത്തുമാണ് മുറിവ്. നഖം കൊണ്ട് മുറിവേല്‍പിച്ചതാണെന്നാണ് പ്രാഥമിക കണ്ടെത്തല്‍. അജിതയാണ് കുഞ്ഞിനെ ഉപദ്രവിച്ചത്. ഇത് അറിഞ്ഞിട്ടും മറ്റുരണ്ടുപേര്‍ മറച്ചുവയ്ക്കുകയായിരുന്നു.
സംഭവത്തില്‍ ഒരാഴ്ചക്കാലം ജോലിയിലുണ്ടായിരുന്ന ഏഴുപേരെ പിരിച്ചുവിട്ടതായി ശിശുക്ഷേമസമിതി അറിയിച്ചു. പിരിച്ചുവിട്ട ഏഴു പേരും കുഞ്ഞിന് ഉപദ്രവമേറ്റ കാലയളവിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആയമാരാണ്. ചെറിയ വീഴ്ചയാണെങ്കിലും അത് അംഗീകരിക്കാന് കഴിയില്ലെന്നു പറഞ്ഞ് വീഴ്ചയെ ലഘൂകരിക്കുകയായിരുന്നു ശിശുക്ഷേമസമിതി ജന. സെക്രട്ടറി. ആയമാര്‍ക്ക് പരിശീലനം നല്‍കാറുണ്ട്, എങ്കിലും സംഭവിച്ചതില്‍ നടപടിയെടുക്കുമെന്നും ജന. സെക്രട്ടറി അരുണ്‍ ഗോപി പറഞ്ഞു. പൊലീസ് കേസെടുത്തത് മൂന്ന് ആയമാർക്കെതിരെയാണ്. പോക്സോ നിയമ പ്രകാരമാണ് കേസ്. ഉപദ്രവിച്ചതിനും ഉപദ്രവം മറച്ചുവച്ചതിനുമാണ് കേസ്.