കണ്ണൂര്‍ അഴീക്കല്‍ ഹാര്‍ബറില്‍ അതിഥിത്തൊഴിലാളിയായ യുവാവ് കൊല്ലപ്പെട്ടു. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ഇന്നലെ രാത്രിയിലാണ് കൊലപാതകം. ഒഡീഷ സ്വദേശിയെന്ന് കരുതുന്നയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. വളപട്ടണം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഹാര്‍ബര്‍ കവാടത്തോട് ചേര്‍ന്ന് നിര്‍മിക്കുന്ന സര്‍ക്കാര്‍ കാന്‍റീന്‍ കെട്ടിടത്തിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടത്. തലയില്‍ കല്ലിട്ട് കൊന്ന നിലയിലായിരുന്നു മൃതദേഹം. തല പൂര്‍ണമായും തകര്‍ന്നിരുന്നു. ഇതിനാല്‍ ആരെന്ന് തിരിച്ചറിയാനായില്ല. മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആളെ തിരിച്ചറിയാത്തതിനാല്‍ കൊലപാതകിയെയും കണ്ടെത്താന്‍ പൊലീസിനായിട്ടില്ല.
പ്രാഥമിക പരിശോധനയില്‍ തന്നെ സംഭവം കൊലപാതകമാണെന്ന് വളപട്ടണം പൊലീസ് കണ്ടെത്തിയിരുന്നു. നിരവധി അതിഥിത്തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഹാര്‍ബര്‍ മേഖലയില്‍ പലര്‍ക്കും തിരിച്ചറിയല്‍ രേഖകളില്ലെന്നാണ് കണ്ടെത്തല്‍. അത്തരത്തിലുള്ളയാളാണ് കൊല്ലപ്പെട്ടതെന്നും മദ്യപിച്ചുണ്ടായ തര്‍ക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് അനുമാനം.