ആലപ്പുഴ കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് മരിച്ചവര്‍ക്ക് അന്ത്യാഞ്ജലിയുമായി ഉറ്റവരും സഹപാഠികളും. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായ അഞ്ചുപേരാണ് അപകടത്തില്‍ മരിച്ചത്. മലപ്പുറം കോട്ടയ്ക്കല്‍ ശ്രീവര്‍ഷത്തില്‍ ദേവനന്ദന്‍(19), പാലക്കാട് ശേഖരീപുരം ശ്രീവിഹാറില്‍ ശ്രീദേവ് വല്‍സന്‍(19), കോട്ടയം ചേന്നാട് കരിങ്കുഴിക്കല്‍ ആയുഷ് ഷാജി(19), ലക്ഷദ്വീപ് ആന്ത്രോത്ത് പക്രിച്ചിയപ്പുര പി.പി. മുഹമ്മദ് ഇബ്രാഹിം(19), കണ്ണൂര്‍ വെങ്ങര പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍(19) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ആറുപേരില്‍ രണ്ടുവിദ്യാര്‍ഥികളുടെ നില ഗുരുതരമാണ് .
Read Also: ‘സിനിമയ്ക്ക് പോകാന്‍ എന്നെയും വിളിച്ചു’; വിങ്ങലോടെ മുഹമ്മദിന്‍റെ റൂംമേറ്റ്
രാത്രിയില്‍ സിനിമയ്ക്ക് പോയ വിദ്യാര്‍ഥികളുടെ കാര്‍ കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആലപ്പുഴ മെഡി. കോളജിലെ 11 വിദ്യാര്‍ഥികളാണ് കാറിലുണ്ടായിരുന്നത്. അഞ്ചുപേര്‍ മരിച്ചു. ആറുവിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. നാല് ബസ് യാത്രക്കാര്‍ക്കും പരുക്കേറ്റു. കാര്‍ ഒാടിച്ചിരുന്നത് പരുക്കേറ്റ് ചികില്‍സയിലുള്ള ഗൗരീശങ്കര്‍ ആയിരുന്നു. രണ്ട് വിദ്യാര്‍ഥികള്‍ ബൈക്കില്‍ ഇവരുടെ പിന്നില്‍ സഞ്ചരിച്ചിരുന്നു. അപകടത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന് ആശുപത്രിയിലെത്തിയ മന്ത്രി പി.പ്രസാദ് അറിയിച്ചു
വാഹനത്തിന് കാലപ്പഴക്കവും അമിതഭാരവും ഉണ്ടായിരുന്നുവെന്ന് ജില്ലാ കലക്ടര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. അപകടസമയത്ത് കാര്‍ ഒാടിച്ചത് അഞ്ച് മാസം മുന്‍പ് ലൈസന്‍സ് എടുത്ത വിദ്യാര്‍ഥിയാണെന്നും ഡ്രൈവിങ് പരിചയക്കുറവ് അപകടത്തിന് പ്രധാന കാരണമെന്നും എന്‍ഫോഴ്സ്മെന്‍റ് ആര്‍ടിഒ പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് കാര്‍ വാടകയ്ക്ക് നല്‍കിയത് അനധികൃതമായെന്ന് ആര്‍ടിഒ എ.കെ.ദിലു പറഞ്ഞു. റെന്‍റ് എ കാര്‍ ലൈസന്‍സ് ഇല്ലാത്തയാളാണ് കാര്‍ നല്‍കിയത് . കാര്‍ തെന്നിവന്ന് ബസില്‍ ഇടിക്കുകയായിരുന്നെന്ന് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ രാജീവ് മനോരമ ന്യൂസിനോട് പറഞ്ഞു. കനത്ത മഴമൂലം കാഴ്ച മങ്ങിയ അവസ്ഥയില്‍ ആയിരുന്നു ദാരുണമായ അപകടം ഉണ്ടായത്
ഡോക്ടര്‍മാരായെത്തുമെന്ന് പ്രതീക്ഷവരുടെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങേണ്ടിവരുന്നതിന്‍റെ ഞെട്ടലിലാണ് മരിച്ച വിദ്യാര്‍ഥികളുടെ നാടും വീടും. ഒരുമാസം മുന്‍പാണ് അഞ്ചുപേരും ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടിയത്.
ഏക മകന്‍റെ വേർപാട് ഉൾക്കൊള്ളാനാവാതെ വിങ്ങുകയാണ് പാലക്കാട് ശേഖരിപുരം സ്വദേശി വൽസനും ഭാര്യ ബിന്ദുവും. സുഹൃത്തുക്കൾക്കൊപ്പം സിനിമ കണ്ട് വരാമെന്നറിയിച്ച് ഇന്നലെ രാത്രിയിൽ യാത്ര പുറപ്പെട്ട മകൻ ശ്രീദീപ് ഇനി മടങ്ങി വരില്ലെന്ന വാർത്ത കുടുംബത്തിന് ഉൾക്കൊള്ളാനായിട്ടില്ല. പാലക്കാട് ഭാരത് മാതാ സ്കൂൾ അധ്യാപകനായ വൽസൻ, അഭിഭാഷകയായ ബിന്ദു ദമ്പതികളുടെ മകനായ ശ്രീദീപ് സംസ്ഥാന ഹഡിൽസ് താരമായിരുന്നു. രണ്ടാമത്തെ ശ്രമത്തിലാണ് എൻട്രൻസിലൂടെ ആലപ്പുഴ മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് പ്രവേശനം നേടിയത്.
98 ശതമാനം മാര്‍ക്കോടെ പ്ലസ് ടു പാസായി ആദ്യ പരിശ്രമത്തില്‍ തന്നെ നീറ്റില്‍ മികച്ച റാങ്ക് നേടിയ മുഹമ്മദ് ഇബ്രാഹിം ലക്ഷ്വദ്വീപ് നിവാസികളുടെ അഭിമാനമായിരുന്നു. മരിച്ച ശ്രീദീപ് വല്‍സന്‍റെ മാതാപിതാക്കള്‍ക്ക് നഷ്ടമായത് ഏക മകനെയാണ്. പഠിത്തത്തില്‍ മിടുക്കനായ ശ്രീദീപ് വില്‍സന്‍ ഹര്‍ഡില്‍സ് താരംകൂടിയാണ്. ദേവനന്ദന്‍റെ സംസ്കാരം പാലാ മറ്റക്കരയിലെ കുടുംബവീട്ടിലായിരിക്കും. ഇന്‍ഡോറിലുള്ള ആയുഷ് ഷാജിയുടെ മാതാപിതാക്കള്‍ നാട്ടിലേക്ക് തിരിച്ചു.