ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർഥി ആയുഷ് ഷാജിയുടെ സംസ്ക്കാരം കുട്ടനാട്ടിലെ കാവാലത്ത് നടന്നു. പിതാവ് ഷാജിയുടെ കുടുംബ വീടായ നെല്ലൂർ വീട്ടുവളപ്പിലാണ് ആയുഷിന്‍റെ സംസ്കാരം നടന്നത്. മെഡിക്കൽ കോളജിലെ സഹപാഠികളും മറ്റ് സുഹൃത്തുക്കളും അടക്കം നൂറുകണക്കിന് ആളുകൾ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
പിതാവ് ഷാജിയുടെ കാവാലത്തെ കുടുബവീടിനോട് ചേർന്ന് മുത്തച്ഛനെയും മുത്തശ്ശിയെയും സംസ്കരിച്ചതിന് സമീപമാണ് ആയുഷിനും ചിതയൊരുക്കിയത്. മെഡിക്കൽ കോളജിലെ സഹപാഠികളും മറ്റ് സുഹൃത്തുക്കളും നാട്ടുകാരും അടക്കം നൂറുകണക്കിന് ആളുകൾ സംസ്കാര ചടങ്ങിനെത്തി. ആയുഷിന്‍റെ കൂട്ടുകാരെയും ബന്ധുക്കളെയും കണ്ടതോടെ അച്ഛന്‍റെയും അമ്മയുടയും സങ്കടം അണപൊട്ടി. വീട്ടിലെത്തിയ എല്ലാവരുടെയും കണ്ണുകളും നിറഞ്ഞു.
ഇൻഡോറിൽ ജോലി ചെയ്യുന്ന മാതാപിതാക്കളായ ഷാജിയും ഉഷയും സഹോദരി ജിഷയും ഇന്നലെ ഉച്ചകഴിഞ്ഞാണ് വീട്ടിലെത്തിയത്. ഇൻഡോറിൽ പ്ലസ് ടു വരെ പഠിച്ച ആയുഷ് ഷാജി എൻട്രൻസ് പരിശീലനത്തിനായാണ് കേരളത്തിലെത്തിയത്.നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ ആയുഷ് ഷാജി അവധിക്ക് വേഗത്തിൽ കുടുംബ വീട്ടിലെത്താം എന്നു കരുതിയാണ് ആലപ്പുഴ മെഡിക്കൽ കോളജ് പഠനത്തിനായി തിരഞ്ഞെടുത്തത്. കഴിഞ്ഞയാഴ്ച കാവാലത്തെ വീട്ടിലെത്തിയ ആയുഷ് ഷാജി ക്രിസ്മസ് അവധിക്ക് എത്താമെന്ന് പറഞ്ഞാണ് മടങ്ങിയത്.
തിങ്കളാഴ്ച രാത്രിയാണ് ആലപ്പുഴ കളർകോട് എംബിബിഎസ് വിദ്യാർത്ഥികൾ സഞ്ചരിച്ച ടവേര കാർ കെ എസ് ആർ ടി സി ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചത്.