‘എന്‍റെ പൊന്നുമോനെ..,നീ ഞങ്ങളെ വിട്ട് പോയല്ലോടാ..’ എന്ന ആയുഷിന്‍റെ അച്ഛന്‍റെ നിലവിളി ഒരു നാടിനെ ഒന്നാകെ കണ്ണീരില്‍ ആഴ്ത്തി, അച്ഛന്‍റെയും അമ്മയുടെയും സഹോദരിയുടെയും കണ്ണീർ കണ്ടു നിൽക്കാൻ കഴിയുന്നതായിരുന്നില്ല. അശ്വസിപ്പിക്കാൻ എത്തിയവർ വാക്കുകൾ ഇല്ലാതെ തൊണ്ടയിടറി നിന്നു. കണ്ണീരില്‍ കുതിര്‍ന്ന് ഒരു നാട് ഒന്നാകെ നിന്നപ്പോള്‍ പ്രകൃതി പോലും മൗനത്തിലായി. ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച എംബിബിഎസ് വിദ്യാർത്ഥിയായ ആയുഷ് ഷാജിയ്ക്ക് കണ്ണീരോടെയാണ് നാട് വിട നല്‍കിയത്.
പിതാവ് ഷാജിയുടെ കാവാലം നെല്ലൂരിലെ കുടുംബ വീട്ടിൽ സംസ്കാരചടങ്ങുകൾ നടന്നു. മുത്തച്ഛനെയും മുത്തശ്ശിയെയും സംസ്കരിച്ചതിന് സമീപം തന്നെയായിരുന്നു ആയുഷിനും ചിതയൊരുക്കിയത്. വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നുള്ള ആയുഷിന്‍റെ കൂട്ടുകാരും അധ്യാപകരും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി. ബന്ധുക്കളും നാട്ടുകാരും ജന പ്രതിനിധികളുമുൾപ്പടെ നൂറുകണക്കിന് ആളുകൾ സംസ്കാര ചടങ്ങിന്‍റെ ഭാഗമായി.
ഇൻഡോറിൽ പ്ലസ് ടു വരെ പഠിച്ച ആയുഷ് ഷാജി എൻട്രൻസ് പരിശീലനത്തിനായാണ് കേരളത്തിലെത്തിയത്.നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ ആയുഷ് ഷാജി അവധിക്ക് വേഗത്തിൽ കുടുംബ വീട്ടിലെത്താം എന്നു കരുതിയാണ് ആലപ്പുഴ മെഡിക്കൽ കോളജ് പഠനത്തിനായി തിരഞ്ഞെടുത്തത്. കഴിഞ്ഞയാഴ്ച കാവാലത്തെ വീട്ടിലെത്തിയ ആയുഷ് ഷാജി ക്രിസ്മസ് അവധിക്ക് എത്താമെന്ന് പറഞ്ഞാണ് മടങ്ങിയത്. തിങ്കളാഴ്ച രാത്രിയാണ് ആലപ്പുഴ കളർകോട് എംബിബിഎസ് വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനം കെ എസ് ആർ ടി സി ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചത്.