കൊല്ലത്ത് യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ കേസില്‍ പ്രതിയുടെ മൊഴി പുറത്ത്. ഭാര്യ അനിലയെയും അവരുടെ ബിസിനസ് പങ്കാളിയേയുമാണ് ലക്ഷ്യമിട്ടതെന്ന് പ്രതി പത്മരാജന്‍ പൊലീസിനോട് സമ്മതിച്ചു. അനിലയോട് പല കാര്യങ്ങളിലും പത്മരാജന് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ഇരുവരും തമ്മില്‍ തര്‍ക്കങ്ങളും പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.
കൊല്ലം ആശ്രാമം ഭാഗത്ത് ബേക്കറി നടത്തുകയാണ് അനില. മറ്റൊരു യുവാവുമായി ചേര്‍ന്നാണ് അനില കട തുടങ്ങിയത്. എന്നാല്‍ ഇത് പത്മരാജന് ഇഷ്ടപ്പെട്ടിരുന്നില്ല. പങ്കുകച്ചവടം ഒഴിവാക്കണമെന്ന് പത്മരാജന്‍ അനിലയോട് പലതവണ ആവശ്യപ്പെട്ടിരുന്നു. അനിലയുടെ ബിസിനസ് പങ്കാളി രണ്ടു ദിവസം മുന്‍പ് തന്നെ മര്‍ദിച്ചെന്ന് പ്രതി പത്മരാജന്‍ മൊഴി നല്‍കിയിട്ടുണ്ട്. തന്നെ കണ്‍മുന്നിലിട്ട് മര്‍ദിച്ചിട്ടും ഭാര്യ പിടിച്ചുമാറ്റിയില്ലെന്നുമാണ് പത്മരാജന്‍റെ മൊഴി. രണ്ടുപേരെയും കൊല്ലാനായിരുന്നു പത്മരാജന്‍റെ ലക്ഷ്യം. എന്നാല്‍ കാറിലുണ്ടായിരുന്നത് മറ്റൊരു യുവാവാണെന്ന് താന്‍ അറിഞ്ഞില്ലെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ഇയാളുമായി അനിലയ്ക്ക് മറ്റു ബന്ധങ്ങളുണ്ടായിരുന്നോ എന്നും പത്മരാജന് സംശയമുണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം ഓട്ടോറിക്ഷയിൽ പത്മരാജൻ ഈസ്റ്റ് പൊലീസിൽ എത്തി കീഴടങ്ങുകയായിരുന്നു.
നടുറോഡില്‍ കാര്‍ തടഞ്ഞുനിര്‍ത്തിയാണ് കൊട്ടിയം തഴുത്തല സ്വദേശി അനിലയെ ഭർത്താവ് പത്മരാജന്‍ തീകൊളുത്തി കൊലപ്പെടുത്തിയത്. കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ചെമ്മാൻമുക്കിൽ വച്ച് ഇന്നലെ രാത്രി ഒൻപതിനാണ് സംഭവം. അനിലയ്ക്കൊപ്പം കാറിൽ ഉണ്ടായിരുന്ന യുവാവ് പൊള്ളലേറ്റ് ചികിത്സയിലാണ്. അനില സംഭവസ്ഥലത്തുതന്നെ മരിച്ചു.
അനിലയും സോണിയും സഞ്ചരിച്ചിരുന്ന കാറിനെ മറ്റൊരു വാഹനത്തിൽ എത്തിയ പത്മരാജൻ തടഞ്ഞു. തുടർന്ന് ഭാര്യസഞ്ചരിച്ച വാഹനത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തി. കാര്‍ ഓടിച്ചത് അനിലയായിരുന്നു. പത്മരാജന്‍ കാര്‍ ചേര്‍ത്തുനിര്‍ത്തിയതിനാല്‍ അനിലയ്ക്ക് പുറത്തിറങ്ങാനായില്ലെന്നും ദൃക്സാക്ഷി അനന്തു മനോരമ ന്യൂസിനോട് പറഞ്ഞു. പൊള്ളലേറ്റ് ഒരു യുവാവ് പുറത്തേക്ക് ചാടി, പത്മരാജനാണ് കത്തിച്ചതെന്ന് പറഞ്ഞ് കരഞ്ഞു. സീറ്റ് ബെല്‍റ്റ് കത്തി ഉരുകിയപ്പോള്‍ രക്ഷപ്പെടാന്‍ അനില ശ്രമിച്ചു, തീ ആളിക്കത്തിയതിനാല്‍ രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്നും അനന്തു പറഞ്ഞു.