ഇടുക്കി കട്ടപ്പനയിൽ ലോട്ടറി വിൽപ്പനക്കാരിയെ കബളിപ്പിച്ച് ടിക്കറ്റുകൾ തട്ടിയെടുത്തയാൾ പിടിയിൽ. രാജകുമാരി ഇല്ലിക്കൽ സ്വദേശി ബിജുവാണ് പിടിയിലായത്. ടിക്കറ്റ് വിൽപ്പനക്കിടെ തൂക്കുപാലം സ്വദേശി ഗീതയുടെ കയ്യിൽ നിന്നും അഞ്ച് സെറ്റ് ലോട്ടറി വാങ്ങി ബിജു ഓടി രക്ഷപ്പെടുകയായിരുന്നു.
കട്ടപ്പന സംഗീത ജംഗ്ഷന് സമീപം ലോട്ടറി വില്പന നടത്തിയിരുന്ന ഗീതയുടെ പക്കൽ നിന്നും അഞ്ച് സെറ്റ് ലോട്ടറി വാങ്ങി പണം നൽകാതെ കഴിഞ്ഞമാസമാണ് ബിജു ഓടിമറഞ്ഞത്. ഗീതയുടെ പരാതിയിൽ കട്ടപ്പന പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരുന്നതിനിടയാണ് ബിജു പിടിയിലായത്. കട്ടപ്പന ഐശ്വര്യ തിയേറ്ററിൽ സിനിമ കാണാൻ എത്തിയ ബിജുവിനെ തിരിച്ചറിഞ്ഞവർ ഗീതയെ വിവരമറിയിക്കുകയായിരുന്നു.
ചോദ്യം ചെയ്യലിൽ ഇയാൾ സന്തോഷ് എന്ന് പേരുമാറ്റി പറഞ്ഞെങ്കിലും വിശദമായ പരിശോധനയിൽ കൃത്യമായ വിലാസം പൊലീസ് കണ്ടെത്തി. കട്ടപ്പന കേന്ദ്രീകരിച്ച് കൂടുതൽ തട്ടിപ്പുകളിൽ ബിജുവിന് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ബിജുവിനെ പിടികൂടാൻ സഹായകമായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.