കാസര്‍കോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂറിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ്. മന്ത്രവാദം നടത്തി സ്വര്‍ണം ഇരട്ടിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് അബ്ദുല്‍ ഗഫൂറിന്‍റെ പക്കല്‍ നിന്ന് കൊലയാളികള്‍ 596 പവന്‍ തട്ടിയെടുത്തു. മന്ത്രവാദിയെന്ന് അവകാശപ്പെട്ട് ഗഫൂറിനെ സമീപിച്ച കൂളിക്കുന്ന് സ്വദേശിനി കെ എച്ച്. ഷമീമ, സഹായികളായ ഉബൈസ്, പൂച്ചക്കാട്ട് സ്വദേശിനി അസ്‌നിഫ, മധൂർ സ്വദേശിനി ആയിഷ എന്നിവരാണ് അറസ്റ്റിലായത്. 2023 ഏപ്രിൽ 14ന് പുലർച്ചെയാണ് അബ്ദുൽ ഗഫൂറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യയും മക്കളും ബന്ധു വീട്ടിലായിരുന്ന ദിവസമാണ് ഗഫൂറിന്‍റെ മരണം. മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പൊലീസ് വിഷയം ഗൗരവമായെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവുമായി മന്ത്രവാദത്തിന് ബന്ധമുണ്ടെന്ന് തെളിഞ്ഞത്. അബ്ദുല്‍ ഗഫൂര്‍ 12 ബന്ധുക്കളില്‍ നിന്നായാണ് 596 പവന്‍ സ്വരൂപിച്ചത്. സ്വര്‍ണം ഇരട്ടിപ്പിച്ച് നല്‍കാമെന്നായിരുന്നു മന്ത്രിവാദിനിയുടെ വാഗ്ദാനം. ഇതനുസരിച്ചാണ് മറ്റാരുമില്ലാത്ത ദിവസം നോക്കി ഇവര്‍ അബ്ദുല്‍ ഗഫൂറിന്‍റെ വീട്ടിലെത്തി. തൊട്ടടുത്ത ദിവസം വീട്ടുകാര്‍ മടങ്ങിയെത്തിയപ്പോഴാണ് ഗഫൂറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആദ്യം ഇത് സ്വാഭാവിക മരണമെന്ന രീതിയിലാണ് പൊലീസും കൈകാര്യം ചെയ്തത്. മൃതദേഹം പൂച്ചക്കാട് ജുമാ മസ്ജിദിൽ ഖബറടക്കുകയും ചെയ്തു. എന്നാല്‍ വീട്ടില്‍ നിന്ന് സ്വര്‍ണം നഷ്ടപ്പെട്ടത് ബോധ്യപ്പെട്ട അബ്ദുൽ ഗഫൂറിന്‍റെ മകൻ അഹമ്മദ് മുസമിൽ ബേക്കൽ പൊലീസിൽ പരാതി നൽകി. ഇതേ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി. കാഞ്ഞങ്ങാട് ആർഡിഒയുടെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റ്‌മോർട്ടം. പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഇത് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇരട്ടിപ്പിക്കാനായി നല്‍കിയ സ്വര്‍ണം തിരികെ നല്‍കാതിരിക്കാനാണ് അബ്ദുല്‍ ഗഫൂറിനെ കൊലപ്പെടുത്തിയതെന്നാണ് പ്രതികളുടെ മൊഴി.