കൊച്ചിയിൽ പരിശോധനയ്ക്കെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ലഹരിമാഫിയ സംഘാംഗത്തിന്റെ ആക്രമണം. തൃശൂർ വടൂക്കര സ്വദേശി മുഹമ്മദ് ജാഷിറാണു പൊലീസീനെ ആക്രമിച്ചത്. കൊച്ചിയിലെ ലഹരിറാക്കറ്റിലെ പ്രധാന കണ്ണിയായ ജാഷിര്‍ കൊച്ചിയിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്കെത്തിയതായിരുന്നു ഡാന്‍സാഫ് സംഘം. ജാഷിര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വീട്ടില്‍ നിന്ന് 59 ഗ്രാം എംഡിഎംഎ പിടികൂടി. ഇതിന് പിന്നാലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ജാഷിര്‍ ഓടി രക്ഷപ്പെട്ടു. പിന്നാലെ പിന്തുടര്‍ന്ന ശേഷം പ്രതിയെ സാഹസികമായി പൊലീസ് കീഴടക്കി.
മറ്റൊരു കേസില്‍ പാലാരിവട്ടം സ്വദേശി വിഷ്ണുവും ഡാന്‍സാഫിന്‍റെ പിടിയിലായി. തൃക്കാക്കരയിലെ ലോഡ്ജില്‍ നിന്നാണ് പതിമൂന്ന് ഗ്രാം എംഡിഎംഎയുമായി വിഷ്ണുവിനെ പിടികൂടിയത്. ഇരുവരും കൊച്ചിയിലേക്ക് ലഹരിമരുന്നെത്തിക്കുന്ന റാക്കറ്റിലെ മുഖ്യ കണ്ണികളാണ്.