തിരുവനന്തപുരം പാലോട് ഭർതൃഗൃഹത്തിൽ നവവധുവിന്റെ ആത്മഹത്യയില്‍ ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍. മരിച്ച ഇന്ദുജയുടെ ഭര്‍ത്താവ് അഭിജിത്, സുഹൃത്ത് അജാസ് എന്നിവരാണ് അറസ്റ്റിലായത്. അഭിജിത്തിന്റെയും സുഹൃത്ത് അജാസിന്റെയും ശാരീരിക, മാനസിക പീഡനമാണ് ഇന്ദുജയുടെ മരണത്തിന് കാരണമെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് ഇന്ദുജയുടെ ഫോണിലേക്ക് വിളിച്ചത് അജാസ് ആണെന്ന് കണ്ടെത്തി.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഇന്ദുജയെ പാലോട് ഇളവട്ടത്തെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു ഫോൺകോൾ വന്നതിന് പിന്നാലെ മുറിയിൽ കയറി കതകടച്ച ഇന്ദുജ പിന്നീട് പുറത്തിറങ്ങിയില്ലെന്നാണ് വീട്ടുകാർ പൊലീസിന് നൽകിയ മൊഴി. ഈ കോൾ ഭർത്താവിന്‍റെ സുഹൃത്ത് അജാസിന്റെതാണെന്ന് പൊലീസ് കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്. ഭർത്താവ് അഭിജിത്തും സുഹൃത്ത് അജാസും ഇന്ദുജയെ മാനസികമായി പീഡിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി.
പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയ മുറിപ്പാടുകൾ അജാസിന്റെ മർദ്ദനം മൂലം ഉണ്ടായതാണെന്ന് അഭിജിത്ത് തന്നെ പൊലീസിന് മൊഴി നൽകി. ഭർതൃ പീഡനവും മാനസിക സംഘർഷവും മൂലം ഹിന്ദുജ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡന കുറ്റങ്ങൾക്ക് പുറമേ അജാസിന് എതിരെ പട്ടികജാതി വർഗ്ഗ അതിക്രമം തടയൽ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയാണ് കേസ്. മൂന്നുമാസം മുമ്പാണ് അഭിജിത്തും ഇന്ദുജയും വിവാഹം ചെയ്തത്. എന്നാൽ വിവാഹം രജിസ്റ്റർ ചെയ്തില്ല. ഇതിൻറെ കാരണവും പൊലീസ് അന്വേഷിക്കുന്നുണ്ട്.