പത്തനംതിട്ട കലഞ്ഞൂരില്‍ മദ്യപസംഘം കുടുംബത്തെ ആക്രമിച്ചെന്ന് പരാതി. വീടിന് മുന്നില്‍ മദ്യപിച്ച് ബഹളം വച്ചത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദനം. ഗൃഹനാഥന്‍റെ തലയ്ക്കും മകന്‍റെ കണ്ണിനും സാരമായി പരുക്കേറ്റു.
പത്തനംതിട്ട കലഞ്ഞൂര്‍ പൂമരുതിക്കുഴിയില്‍ വര്‍ക്കി മാത്യു, മകന്‍ ബിജോ മാത്യു, കൊച്ചുമകന്‍ സുബിന്‍ എന്നിവര്‍ക്കാണ് മര്‍ദനം ഏറ്റത്. കഴിഞ്ഞ രാത്രി പ്രാര്‍ഥനയ്ക്കിടെ റോഡില്‍ ബഹളം കേട്ടു. മദ്യപിച്ചുള്ള സംഘമാണ് ബഹളം വച്ചതെന്നും ചോദ്യം ചെയ്തപ്പോള്‍ ആക്രമിച്ചു എന്നും വര്‍ക്കി മാത്യു പറയുന്നു. തടയാനെത്തിയപ്പോഴാണ് മകനേയും കൊച്ചുമകനേയും മര്‍ദിച്ചത്
വര്‍ക്കി മാത്യുവിന് തലയ്ക്ക് സാരമായി പരുക്കേറ്റു. മകന്‍ ബിജോ മാത്യുവിന്‍റെ കണ്ണിനാണ് പരുക്ക്. വര്‍ക്കി മാത്യു കോട്ടയം മെഡിക്കല്‍ കോളജിലും ബിജോ മാത്യു കോന്നി മെഡിക്കല്‍ കോളജിലും ചികില്‍സയില്‍ ആണ്. മദ്യപസംഘം സ്ഥിരം ശല്യക്കാരാണ് എന്നാണ് ആരോപണം. കൂടല്‍ പൊലീസ് അന്വേഷണം തുടങ്ങി.