ലണ്ടനിലെ ബ്രിസ്ബെയ്നില്‍ മരിച്ച നിലയിൽ കണ്ടെത്തിയ ഇന്ത്യൻ യുവതി ഹര്‍ഷിത ബ്രെല്ല ഭര്‍ത്താവ് തന്നെ കൊല്ലുമെന്ന് ഭയപ്പെട്ടിരുന്നതായി കുടുംബം. ഹര്‍ഷിതയുടെ മൃതദേഹം കണ്ടെത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ഇക്കാര്യം യുവതി വീട്ടുകാരോട് പറഞ്ഞികുന്നു. ‘ഞാൻ മടങ്ങിപ്പോകില്ല, അവൻ എന്നെ കൊല്ലും’ എന്ന് ഹര്‍ഷിത പറഞ്ഞതായി മാതാവ് സുദേഷ് കുമാരി ബിബിസിയോട് പറഞ്ഞു.

‘അയാള്‍ ഹര്‍ഷിതയെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നു. നടുറോഡില്‍ വച്ചും മര്‍ദിക്കും. ശാരീരികവും മാനസികവുമായ പീഡനത്തെ തുടര്‍ന്ന് കൊലപാതകത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അവളുടെ ഗര്‍ഭം അലസിപ്പോയി’, ഹര്‍ഷിതയുടെ പിതാവ് സത്ബീർ ബ്രെല്ല ബിബിസിയോട് പറഞ്ഞു. ‘അവളോട് ഞാന്‍ പറയാറുണ്ടായികുന്നു എന്‍റെ അന്ത്യകർമങ്ങൾ നീ ചെയ്യണമെന്ന്, ഇന്നവളില്ല, ദീരാദുഖത്തിലാണ് ഞങ്ങളുടെ കുടുംബം’ അദ്ദേഹം പറഞ്ഞു. ‘അവള്‍ പാവമായിരുന്നു, ആരെയും ഉപദ്രവിക്കാറില്ലായിരുന്നു ആരുമായും വഴക്കുണ്ടാക്കാറുമില്ല’ ഹര്‍ഷിതയുടെ മാതാവും പറയുന്നു.

ഡല്‍ഹി സ്വദേശിയായ ഹര്‍ഷിത ബ്രെല്ലയുടെ മൃതദേഹമാണ് നവംബര്‍ 11ന് കിഴക്കന്‍ ലണ്ടനിലെ ബ്രിസ്ബെയ്ന്‍ റോഡില്‍ നിന്നും കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട കാറിന്‍റെ ഡിക്കിയിലായിരുന്നു മൃതദേഹം. യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊന്ന ശേഷം മൃതദേഹം ഉപേക്ഷിച്ചതാണെന്ന് പൊലീസ് പറയുന്നത്. ഹര്‍ഷിത അമ്മയോട് ദീര്‍ഘനേരം സംസാരിക്കുന്നതും ഇതേത്തുടര്‍ന്ന് കൃത്യസമയത്ത് ഭക്ഷണം തയ്യാറാക്കുന്നില്ലെന്നും ആരോപിച്ച് പങ്കജ് ബഹളമുണ്ടാക്കിയിരുന്നുവെന്ന് കുടുംബം വെളിപ്പെടുത്തി. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങളാകാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

2024 ഏപ്രിലിലാണ് ഹര്‍ഷിത ഭര്‍ത്താവ് പങ്കജ് ലാംബയുമായി ലണ്ടനിലേക്ക് കുടിയേറിയത്. മൃതദേഹം കണ്ടെത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഹര്‍ഷിതയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം ചുരുളഴിഞ്ഞത്. നവംബര്‍ പത്താം തീയതിയാണ് ഹര്‍ഷിത ഒടുവിലായി വീട്ടുകാരോട് ഫോണ്‍ സംഭാഷണം നടത്തിയത്. അത്താഴം കഴിക്കുന്നതിനായി താന്‍ പങ്കജിനെ കാത്തിരിക്കുകയാണെന്നായിരുന്നു അവസാനമായി പറഞ്ഞത്. രണ്ട് ദിവസമായി ഹര്‍ഷിത വിളിക്കാതിരുന്നതോടെ എന്തോ അപകടം സംഭവിച്ചുവെന്ന് വീട്ടുകാര്‍ക്ക് സംശയം തോന്നി. തുടര്‍ന്നാണ് പൊലീസിനെ വിവരമറിയിച്ചത്.

റിപ്പോർട്ടുകൾ പ്രകാരം, ഹര്‍ഷിത ആഗസ്റ്റിൽ ഗാർഹിക പീഡനത്തെ സംബന്ധിച്ച് പൊലീസിന് പരാതി നൽകിയിരുന്നു, സെപ്റ്റംബർ 3ന് പങ്കജിനെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു. ഹര്‍ഷിതയുടെ കൊലയ്ക്കു പിന്നാലെ പങ്കജ് രാജ്യം വിട്ടിട്ടുണ്ടാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. അതേസമയം പങ്കജ് ഇന്ത്യയിലുണ്ടെന്ന് ഹര്‍ഷിതയുടെ കുടുംബം പറയുന്നു. എന്നാൽ ഡൽഹി പൊലീസ് ഇക്കാര്യത്തില്‍ സഹകരിക്കുന്നില്ലെന്നും ഹര്‍ഷിതയുടെ കുടുംബം പറയുന്നു. അതേസമയം, ഇടപെടാൻ യുകെ അധികൃതർ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, തന്‍റെ മകന്‍ ഹര്‍ഷിതയെ കൊലപ്പെടുത്തിയെന്ന് വിശ്വസിക്കുന്നില്ലെന്ന് കേസിലെ മുഖ്യപ്രതിയായ പങ്കജിന്‍റെ അമ്മ സുനിൽ ദേവി പറയുന്നു. ‘എനിക്ക് ഒന്നും അറിയില്ല, പക്ഷേ എനിക്ക് ഇത് വിശ്വസിക്കാൻ കഴിയുന്നില്ല. ചിലർ അവൻ കൊല്ലപ്പെട്ടുവെന്ന് പോലും പറയുന്നു. എനിക്കൊന്നും മനസ്സിലാകുന്നില്ല. ഞങ്ങള്‍ എല്ലാം ദൈവത്തിന് വിട്ടു കഴിഞ്ഞു’ അവര്‍ പറഞ്ഞു.

ENGLISH SUMMARY:

Harshita Brell, found dead in Brisbane, London, had confided in her family about fearing her husband’s actions. Days before her death, she told her mother, “He will kill me.”