എറണാകുളം ചേന്ദമംഗലത്ത് മൂന്നുപേരെ കൊലപ്പെടുത്തിയ പ്രതി ഋതു രാജിന്റെ വീടിനുനേരെ ആക്രമണം. ഒരുകൂട്ടം നാട്ടുകാര്‍ പ്രതിയുടെ വീട് അടിച്ചുതകര്‍ത്തു. നാട്ടുകാരെ പൊലീസ് സ്ഥലത്തുനിന്ന് മാറ്റി. പ്രദേശത്ത് ശക്തമായ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തി.
കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനീഷ എന്നിവരാണ് കൊല്ലപ്പെട്ടത്. വേണുവിന്റെ മരുമകന്‍ ജിതിന്‍ ഗുരുതര പരുക്കേറ്റ് ചികില്‍സയിലാണ്. വീട്ടിലുണ്ടായിരുന്ന രണ്ടു കുട്ടികളെ പ്രതി ഉപദ്രവിച്ചില്ല. മറ്റ് നാലുപേരെയും ഇരുമ്പ് വടികൊണ്ട് അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. വേണുവിന്‍റെ കുടുംബവും അയല്‍വാസിയായ ഋതുവും തമ്മില്‍ മുന്‍പും തര്‍ക്കങ്ങളുണ്ടായിരുന്നു എന്നാണ് വിവരം.
കൊലപാതകത്തിനു തൊട്ടു മുൻപ് വീട്ടിൽ വളർത്തിയിരുന്ന നായയെ ചൊല്ലി തർക്കം നടന്നിരുന്നു. വേണുവിന്റെ വീട്ടിലെ നായ തന്റെ വീട്ടിലേക്ക് വന്നിരുന്നുവെന്നു പറഞ്ഞാണ് ഋതു ഇരുമ്പ് വടിമായി ഇവരുടെ വീട്ടിലെത്തിയത്. ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെ വിനീഷ ഫോണില്‍ വിഡിയോ എടുത്തു. ഇത് ശ്രദ്ധയില്‍പെട്ടപ്പോള്‍ ഫോൺ ഇയാൾ ബലപ്രയോഗത്തിലൂടെ കൈക്കലാക്കി. ഇതിനു പിന്നാലെയായിരുന്നു കൊലപാതകം.
കൊലപാതകം നടന്ന ശേഷം ജിതിന്റെ സ്കൂട്ടറില്‍ കയറി ഋതു രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ അതുവഴി വന്ന വടക്കേക്കര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥിരം കുറ്റവാളിയായ ഋതുവിനെ കാണുകയും പന്തികേടു സംശയിച്ചു നടത്തിയ ചോദ്യം ചെയ്യലിൽ കൊലപാതക വിവരം പുറത്തുവരികയുമായിരുന്നു. ഋതുവിനെ ഉടൻ തന്നെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.