തിരുവനന്തപുരത്ത് വിലസിയിരുന്ന ബൈക്ക് മോഷ്ടാവിനെ റയില്‍വേ പൊലീസ് പൊക്കി. പന്ത്രണ്ട് കേസുകളില്‍ പ്രതിയായ നെടുമങ്ങാടുകാരന്‍ മനോജാണ് പിടിയിലായത്. സ്പെളണ്ടര്‍ ബൈക്കുകള്‍ തിരഞ്ഞ് പിടിച്ച് മോഷ്ടിക്കുന്നതാണ് മനോജിന്‍റെ രീതി.
തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ പാര്‍ക്കിങ് കേന്ദ്രത്തില്‍ നിന്നും മനോജ് ബൈക്ക് മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പിടിവീഴുന്നത്. ഈ ദൃശ്യം തപ്പിയെടുത്ത തിരുവനന്തപുരം റെയില്‍വേ പൊലീസിന്റെ ക്രൈം സ്ക്വാഡ് ബൈക്ക് പോയ വഴിയെ തപ്പിയിറങ്ങി. നെടുമങ്ങാടേക്കുള്ള റോഡിലെ ഇരുന്നൂറിലധികം കാമറകള്‍ പരിശോധിച്ചു. ഒടുവില്‍ അന്വേഷണം മനോജിന്റെ വീട്ടിലെത്തി നിന്നു. മനോജ് പിടിയിലുമായി.
12 ബൈക്കുകളാണ് ഇതിനകം തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം മനോജ് അടിച്ചുമാറ്റിയിരിക്കുന്നത്. ബൈക്ക് അടിച്ചുമാറ്റിയ ഉടന്‍ നമ്പര്‍ പ്ളേറ്റ് ഇളക്കിമാറ്റും. എന്നിട്ട് മറിച്ചുവില്‍ക്കും. അതാണ് മോഷണരീതി. സ്പെളെണ്ടര്‍ ബൈക്കിനോടാണ് മനോജിന് പ്രിയം. ഇടക്ക് സ്കൂട്ടറുകളും തട്ടിയെടുക്കാറുണ്ട്. രണ്ട് വര്‍ഷത്തിലേറെയായി പിടിക്കപ്പെടാതെ മുങ്ങി നടന്നിരുന്ന മനോജിനെ പൂട്ടിയത് ഇന്‍സ്പെക്ടര്‍മാരായ എ.ജെ.ജിപിന്‍, ആര്‍.എസ്.ബിജുകുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ എസ്.വി.ജോസ്, എ.എസ്.ഐ സുരേഷ് തുടങ്ങിയവരുടെ സംഘമാണ്.