ലഹരിക്കായി ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള മരുന്ന് വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. ഓൺലൈൻ വഴി വാങ്ങിയ 100 കുപ്പി മരുന്നുമായി യുവാവ് പാലായിൽ പിടിയിലായി. കൊറിയർ സ്ഥാപനത്തിലെത്തിയ മരുന്ന് കൈപ്പറ്റുന്നതിനിടയാണ് എക്സൈസ് സംഘവും ഡ്രഗ്സ് കൺട്രോൾ ടീമും യുവാവിനെ കസ്റ്റഡിയിലെടുത്തത്.
140 രൂപ വില വരുന്ന മരുന്ന് 600 രൂപയ്ക്കാണ് പാലാ സ്വദേശി കാർത്തിക് ബിനു മറിച്ച് വിറ്റിരുന്നത്..ഹൃദയശസ്ത്രക്രിയ സമയത്ത് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്ന കാർഡിയാക് സ്റ്റിമുലന്റുകളുമായാണ് ഇയാൾ പിടിയിലായത്. കഞ്ചാവിനും മറ്റ് ലഹരിക്കും പകരമായി ശരീരത്തിൽ കുത്തിവയ്ക്കുന്നതിനാണ് ഈ മരുന്ന് യുവാക്കൾക്കിടയിൽ വ്യാപകമാകുന്നത്
പ്രിസ്ക്രിപ്ഷൻ ഇല്ലാതെ കൈവശം വയ്ക്കാൻ പാടില്ലാത്ത ഈ മരുന്നിന്റെ 100 കുപ്പികളാണ് കണ്ടെത്തിയത്. അന്യസംസ്ഥാനത്ത് നിന്നും കൊറിയർ വഴി എത്തിച്ച മരുന്ന് കൊറിയർ സ്ഥാപനത്തിൽ നിന്നും കൈപ്പറ്റി പുറത്തിറങ്ങുമ്പോഴാണ് എക്സൈസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രിസ്ക്രിസ്പ്ഷൻ വേണ്ട മരുന്നുകൾ അനധികൃതമായി കൈവശം വയ്ക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് ആക്ട് പ്രകാരം മൂന്നുവർഷം മുതൽ അഞ്ചു വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്..