ഭാര്യയുമായി തന്നെ വേര്‍പിരിച്ചവരോട് പ്രതികാരം ചെയ്യാന്‍ ലക്ഷ്യമിട്ട് ഓണ്‍ലൈനില്‍ ബോംബുണ്ടാക്കാന്‍ പഠിച്ച യുവാവ് അറസ്റ്റില്‍. സബര്‍മതി സ്വദേശിയായ റൂപന്‍ റാവുവും സഹായി ഗൗരവ് ഗാധ്​വിയുമാണ് പിടിയിലായത്. ശനിയാഴ്ച രാവിലെയോടെ ഇവര്‍ ബോംബ് നിര്‍മാണം നടത്തിയിരുന്ന വീടിനുള്ളിലാണ് പൊട്ടിത്തെറിയുണ്ടായത്. രണ്ടുപേര്‍ക്ക് പരുക്കേറ്റു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഗൗരവിനെ അറസ്റ്റ് ചെയ്തതോടെയാണ് പ്രതികാര കഥ ചുരുളഴിഞ്ഞത്. 

പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ ഭാര്യയുടെ അച്ഛനും ആങ്ങളയ്ക്കും സുഹൃത്തിനും ബോംബ് താന്‍ പാഴ്സലായി അയച്ചിട്ടുണ്ടെന്നും ആ ലക്ഷ്യത്തോടെയാണ്   ബോംബ് നിര്‍മിച്ചതെന്നും റൂപന്‍ വെളിപ്പെടുത്തി. കഴിഞ്ഞ നാല് മാസമായി ഓണ്‍ലൈനില്‍ ബോംബ് ഉണ്ടാക്കുന്നതെങ്ങനെയെന്ന് നടത്തിയ പഠനത്തിനൊടുവിലാണ് ബോംബും സ്ഫോടക വസ്തുക്കളും പ്രതി നിര്‍മിച്ചത്. സ്ഫോടനം നടത്തി പിതാവിനെയും സഹോദരനെയും ഇല്ലാതാക്കുന്നതിലൂടെ മുന്‍ഭാര്യയെ ഒറ്റപ്പെടുത്തുകയായിരുന്നു റൂപന്‍റെ ലക്ഷ്യം. തനിക്കുണ്ടായ ആരോഗ്യപ്രശ്നം ഭാര്യയുടെ വീട്ടുകാര്‍ കൂടോത്രം ചെയ്തതിന്‍റെ അനന്തരഫലമാണെന്നും റൂപന്‍ വിശ്വസിച്ചു.

പൊലീസ് നടത്തിയ തിരച്ചിലില്‍ വീട്ടില്‍ നിന്നും കാറില്‍ നിന്നും ബോംബുകളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. സള്‍ഫര്‍ പൗഡര്‍, വെടിമരുന്ന്, ഇലക്ട്രോണിക് സര്‍ക്യൂട്ടുകള്‍, റിമോട്ട് വച്ച് പ്രവര്‍ത്തിപ്പിക്കാനാകുന്ന ബോംബുകള്‍, നാടന്‍ തോക്ക്, തിരകള്‍ എന്നിവയും പിടികൂടി. പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെത്തി ബോംബുകളും സ്ഫോടകവസ്തുക്കളും നിര്‍വീര്യമാക്കി. 

അതേസമയം, റൂപന്‍റെ മുന്‍ഭാര്യ വീട്ടില്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് പാഴ്സല്‍ ബോംബ് ഡെലിവര്‍ ആയിരുന്നില്ല. റൂപന്‍റെ സുഹൃത്തായ ഗാധ്വിയാണ് കൊറിയറുകാരനെന്ന വ്യാജേനെ ബോംബുമായി മുന്‍ഭാര്യയുടെ വീട്ടില്‍ എത്തിയതും. തിരികെ പാഴ്സല്‍ വീടിനുള്ളില്‍ കൊണ്ടുവച്ചതിന് പിന്നാലെയാണ്  പൊട്ടിത്തെറിച്ചത്. 

ENGLISH SUMMARY:

Gujarat man learns to make bombs online, sends them to in-laws who 'led to divorce'. The blast, which occurred on Saturday morning.