പ്രതീകാത്മക ചിത്രം.
ദമ്പതികള്‍ ദത്തെടുത്ത നാലു വയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ആശുപത്രിയില്‍ വച്ചാണ് കുഞ്ഞ് മരണപ്പെട്ടത്. മരണത്തില്‍ ആദ്യം അസ്വഭാവിത സംശയിച്ചില്ല. എന്നാല്‍ അന്ത്യകര്‍മത്തിനായി കുഞ്ഞിന്‍റെ മൃതദേഹം ദമ്പതികള്‍ കൈപ്പറ്റും മുന്‍പ് അയല്‍വാസി പൊലീസിന് നല്‍കിയ മൊഴി നിര്‍ണായകമായി. കുഞ്ഞിന് അസുഖങ്ങളൊന്നും ഇല്ലായിരുന്നു, പെട്ടെന്നുള്ള ഈ മരണം അന്വേഷിക്കണം എന്നായിരുന്നു അയല്‍വാസി പൊലീസിനേട് പറഞ്ഞത്. ഇതോടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന് പൊലീസ് നിര്‍ദേര്‍ശിച്ചു. റിപ്പോര്‍ട്ടില്‍ നടുക്കുന്ന വിവരങ്ങളാണുള്ളത്.
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് സംഭവം. ദമ്പതികള്‍ കുഞ്ഞിനെ കൊലപ്പെടുത്തി എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഫൗസിയ ഷെയ്ഖ് (27), ഫാഹിം ഷെയ്ഖ് (35) എന്നിവര്‍ പൊലീസ് പിടിയിലായി. ആറുമാസം മുന്‍പാണ് ആയത്ത് എന്ന കുഞ്ഞിനെ ഇവര്‍ ദത്തെടുത്തത്. കഴിഞ്ഞ ബുധനാഴ്ച കുഞ്ഞിന് സുഖമില്ലെന്ന് പറഞ്ഞ് ഇവര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തുംമുന്‍പ് തന്നെ കുഞ്ഞ് മരണപ്പെട്ടിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ നല്‍കിയ വിവരം.
കുഞ്ഞിന്‍റെ സംസ്കാരം നടത്താനായി ദമ്പതികള്‍ തിടുക്കം കൂട്ടി. എന്നാല്‍ ഇതിനിടെ പൊലീസില്‍ ഇവരുടെ അയല്‍വാസികളിലൊരാള്‍ നിര്‍ണായക വിവരം കൈമാറി. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. പെട്ടെന്നുള്ള ഈ മരണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണം എന്നായിരുന്നു അയല്‍വാസി പറഞ്ഞത്. പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന് പൊലീസ് ദമ്പതികളെ അറിയിച്ചു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞിന്‍റെ ശരീരത്തില്‍ ഗുരുതര പരുക്കുകള്‍ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി. കുഞ്ഞിനെ അടിക്കാറുണ്ടായിരുന്നുവെന്ന് ഫൗസിയ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. പിന്നാലെ കൊലക്കുറ്റം ചുമത്തി ദമ്പതികളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കുഞ്ഞിനെ നിയമപരമായിട്ടാണോ ദത്തെടുത്തത് എന്നടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കു ശേഷം കുഞ്ഞിന്‍റെ മൃതദേഹം വ്യാഴാഴ്ച സംസ്കരിച്ചിരുന്നു.