marriage-up-man

പ്രണയം അംഗീകരിച്ച് ഭാര്യയെ കാമുകന് വിവാഹം ചെയ്തു നല്‍കിയ ഭര്‍ത്താവിനെക്കുറിച്ചുള്ള വാര്‍ത്ത  ഇന്നലെയാണ് പുറത്തുവന്നത്. ഇന്നിപ്പോള്‍ ആ ത്യാഗത്തിനു പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് ഉത്തര്‍പ്രദേശിലെ സാന്ത്കബീര്‍ നഗര്‍ സ്വദേശി ബബ്ലു. തന്റെ ജീവനില്‍ കൊതിയുള്ളതുകൊണ്ടാണ് ആ നീക്കം നടത്തിയതെന്നാണ് ബബ്ലു പിടിഐയോട് തുറന്നുപറഞ്ഞിരിക്കുന്നത്.

പ്രണയമറിഞ്ഞ് പലവട്ടം പിന്‍മാറാന്‍ കാമുകനോടും ഭാര്യയോടും പറഞ്ഞിട്ടും ഫലം കണ്ടിരുന്നില്ല, ഇതിനിടെ ഇനിയെന്ത് ചെയ്യുമെന്നാലോചിച്ചു നില്‍ക്കുന്നതിനിടെയാണ് മീററ്റിലെ കൊലപാതകവാര്‍ത്ത പുറത്തുവന്നത്, യുവതിയും കാമുകനും കൂടി ഭര്‍ത്താവിനെ കൊന്നുതള്ളിയ വാര്‍ത്തയായിരുന്നു ഇത്, ബബ്ലു ഈ വാര്‍ത്തയറിഞ്ഞതോടെ രണ്ടാമതൊന്ന് ചിന്തിക്കാതെ ഭാര്യ രാധികയെ കാമുകന്‍ വിശാല്‍ കുമാറിനു വിവാഹം കഴിപ്പിച്ച് കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ക്ഷേത്രത്തില്‍വച്ച് നടന്ന വിവാഹത്തിന് താലിയും മാലയും വാങ്ങി നല്‍കിയതും ബബ്ലു തന്നെ, അത്രമേല്‍ ജീവിക്കാന്‍ ആഗ്രഹമുണ്ട്  ബബ്ലുവിന്.

ഈ തീരുമാനത്തിലൂടെ തനിക്കും ഭാര്യയ്ക്കും സമാധാനത്തോടെ ജീവിക്കാമല്ലോയെന്നും ആശ്വസിക്കുകയാണിയാള്‍. 2017ല്‍ വിവാഹിതരായ ബബ്ലുവിനും രാധികയ്ക്കും രണ്ട് മക്കളുമുണ്ട്. മക്കളുടെ സംരക്ഷണം ബബ്ലു തന്നെ ഏറ്റെടുത്തു.  ഈ വിവരം ബന്ധുക്കളേയും നാട്ടുകാരേയും ബബ്ലു തന്നെയാണ് അറിയിച്ചത്.

കൂലിപ്പണിക്കാരനായ ബബ്ലു മിക്കവാറും ദിവസങ്ങള്‍ വീട്ടിലുണ്ടാവാറില്ല. ജോലിക്കായി പുറംസ്ഥലങ്ങളിലായിരിക്കും. ഈ സാഹചര്യങ്ങളിലാണ് രാധിക നാട്ടിലുള്ള മറ്റൊരു യുവാവുമായി പ്രണയത്തിലായത്. ഇരുവരും തമ്മിലുള്ള ബന്ധം ഏറെക്കാലമായി തുടങ്ങിയതാണെന്നും റിപ്പോര്‍ട്ടുണ്ട്. ഭര്‍ത്താവോ കാമുകനോ ആരുവേണമന്ന് തീരുമാനിക്കാന്‍ ബബ്ലു തന്നെയാണ് ഭാര്യയോട് നിര്‍ദേശിച്ചത്. കാമുകനെ തിരഞ്ഞെടുത്ത രാധികയെ അയാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കാനായി ബബ്ലു തീരുമാനിക്കുകയായിരുന്നു. പ്രേരണയായത് മീററ്റിലെ കൊലപാതകവും .  

ENGLISH SUMMARY:

Man found out about wife's affair, got her married to lover. Said he was scared for his safety, wanted to leave in peace.