മലപ്പുറം വാഴക്കാട് പൊലീസ് പിടികൂടിയ എംഡിഎംഎ സിനിമ നടിമാർക്ക് നൽകാൻ കൊണ്ടുവന്നതാണന്ന് പ്രതി മൊഴി നൽകിയെന്ന് പൊലീസ്. കോഴിക്കോട് ബൈപാസിനോട് ചേർന്ന ആഢംബര റിസോർട്ടിന്റെ പാർക്കിങ് ഏരിയയിൽ നിന്നാണ് 510 ഗ്രാം എം ഡി എം എ പിടികൂടിയത്. മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് ഷബീബും വിദേശത്തു നിന്നെത്തിച്ച അബു ത്വാഹിറും പിടിയിലായി.
ആഢംബര റിസോട്ടിന്‍റെ സമീപത്തുവച്ച് സിനിമ നടിമാർക്ക് എംഡിഎംഎ കൈമാറണമെന്ന വിവരമാണ് ലഭിച്ചതെന്നാണ് അറസ്റ്റിലായ പ്രതി മുഹമ്മദ് ഷബീബ് പൊലീസിന് നൽകിയ മൊഴി. ഈ നടിമാരുടെ പേരുകൾ പിന്നാലെ അറിയിക്കാമെന്ന വിവരത്തെ തുടർന്നാണ് റിസോർട്ടിന്റെ പാർക്കിംഗ് ഏരിയയിൽ എത്തിയതെന്നാണ് മുഹമ്മദ് ഷബീബ് പൊലീസിനോട് പറഞ്ഞത്.
വൈകിട്ട് ജില്ലയിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലിന്‍റെ പാർക്കിംഗ് ഏരിയയിൽ വച്ച് അരക്കിലോയിൽ അധികം ലഹരിമരുന്ന് വിദഗ്ധമായാണ് ഡാൻസാഫ് സംഘം പിടികൂടിയത്. ഷബീബ് നൽകിയ വിവരത്തെ തുടർന്നാണ് ഒമാനിൽ നിന്ന് ലഹരി എത്തിച്ച തിരൂരങ്ങാടി ചെമ്മാട് സ്വദേശി അബു ത്വാഹിറിനെ വലയിലാക്കിയത്. ലഹരി എത്തിച്ച കാറും വാഴക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഒമാനിൽ ജോലി ചെയ്യുന്ന മുഹമ്മദ് ഷബീബ് രണ്ടുമാസം മുൻപാണ് നാട്ടിലെത്തിയത്. അബു താഹിർ ഷബീബിന്റെ നിർദ്ദേശപ്രകാരമാണ് എം.ഡി.എം.എ വിദേശത്തുനിന്ന് എത്തിച്ചത്. ഒമാനിൽ നിന്ന് പാൽപ്പൊടി പാക്കറ്റുകളിലാക്കിയാണ് ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിമരുന്ന് കടത്തിയത്. കൊണ്ടോട്ടി ഡിവൈഎസ്പിയും സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയും പ്രതിയെ ചോദ്യം ചെയ്തു. ലഹരി മരുന്ന് കൊച്ചിയിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. ന്യൂയർ പാർട്ടി ലക്ഷ്യം വെച്ച് കൊച്ചി, ഗോവ എന്നിവിടങ്ങളിലേക്ക് വിൽപന നടത്തുന്നതിനായാണ് സംഘം ലഹരിമരുന്ന് എത്തിക്കുന്നത്. നാട്ടിലെത്തിക്കുശേഷം ആവശ്യക്കാർക്ക് കൈമാറുന്നതാണ് രീതി. സംഭവത്തിൽ കൂടുതൽ പേരുടെ പങ്കും പൊലീസ് അന്വേഷിച്ചു വരികയാണ്.