കോഴിക്കോട് വടകരയിൽ കാരവാനിൽ മരിച്ച നിലയിൽ കണ്ടെത്തിയ മനോജിന്റെയും ജോയലിന്റെയും മൃതദേഹങ്ങൾ ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. പോസ്റ്റുമോർട്ടത്തിനു ശേഷം മാത്രമെ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി 8.30 ഓടെയാണ് വടകര കരിമ്പനപ്പാലത്ത് കാരവന്റെ വാതിലിൽ മനോജിനെയും ഉള്ളിൽ ജോയലിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹനം ഒതുക്കി ഉറങ്ങാൻ കിടന്നപ്പോൾ ഏസിയിൽ നിന്നുണ്ടായ വാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം, എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കാരവന്റെ ഡ്രൈവറായ മനോജ് മലപ്പുറം സ്വദേശിയും കണ്ണൂർ സ്വദേശിയായ ജോയൽ സഹായിയുമാണ്.
മരിച്ചവരില്‍ ഒരാളുടെ മൃതദേഹം കാരവന്റെ വാതിലിലും മറ്റൊന്ന് വാഹനത്തിനുള്ളിലുമായിരുന്നു. മലപ്പുറം വെളിയങ്കോട് സ്വദേശി നാസറിന്റെ പേരിലാണ് വാഹനം . പൊന്നാനി റജിസ്ട്രേഷനിലുള്ള കാരവാനാണിത്. തലശേരിയില്‍ ആളുകളെ ഇറക്കിയ ശേഷം പൊന്നാനിയിലേക്ക് വരികയായിരുന്നു കാരവന്‍ ജീവനക്കാര്‍. രണ്ടു ദിവസങ്ങളായി റോഡിനു വശത്ത് കിടക്കുകയായിരുന്നു കാരവന്‍.
നാട്ടുകാരിലൊരാള്‍ കാരവന്റെ വാതില്‍ തുറന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ഉടന്‍ തന്നെ വടകര പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ദുരൂഹസാധ്യതകളൊന്നും നിലവിലില്ലെന്ന് പൊലീസ് പറയുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമേ രണ്ടുപേരുടെ മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ.