പ്രതീകാത്മക ചിത്രം.

കഴിഞ്ഞ തിങ്കളാഴ്ച കാണാതായ എട്ടുവയസ്സുകാരിയുടെ മൃതദേഹം ആര്‍മി ക്വാര്‍ട്ടേഴ്സില്‍ കണ്ടെത്തി. ബലാത്സംഗ ശ്രമം എതിര്‍ത്തപ്പോൾ കുട്ടിയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് റിപ്പോര്‍ട്ട്. കുട്ടിയുടെ അയല്‍വാസിയായ പത്തൊൻപതുകാരനാണ് പ്രതി. ഡല്‍ഹി വസന്ത് വിഹാറിലാണ് നാടിനെ നടുക്കിയ സംഭവം.

ഒഴിഞ്ഞുകിടന്ന വീട്ടിലാണ് കഴുത്തില്‍ കയര്‍ ചുറ്റിയ നിലയില്‍ മൃതദേഹം കണ്ടെടുത്തത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധയിലാണ് പ്രതി കുടുങ്ങിയത്. പെണ്‍കുട്ടി സഹോദരനെപ്പോലെ കണ്ടിരുന്നയാളാണ് ക്രൂരകൃത്യം ചെയ്തത്. പ്രതി ഇക്കാര്യം പൊലീസിനോട് സമ്മതിച്ചു. ‘ചേട്ടനായിട്ടാണ് അവളെന്നെ കണ്ടിരുന്നത്, പക്ഷേ ആ സമയത്ത് അതൊക്കെ മറന്നു. ആളൊഴിഞ്ഞ വീട്ടില്‍ വച്ചാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ കുട്ടി ശക്തമായി എതിര്‍ത്തതോടെ കഴുത്തുഞെരിച്ചു’ എന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. 

കൊലയ്ക്കു ശേഷം അന്വേഷണം വഴിതെറ്റിക്കാനായി പ്രതി പെണ്‍കുട്ടിയുടെ കഴുത്തിന് ചുറ്റും തുണി കെട്ടിവച്ചു. കുട്ടി ആത്മഹത്യ ചെയ്തു എന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇത്. സംഭവം പ്രദേശത്ത് വന്‍ പ്രതിഷേധത്തിനും ഇടയാക്കി. കുട്ടികളുടെ സുരക്ഷയ്ക്കായി പൊലീസും ഉന്നത അധികാരികളും നടപടി സ്വീകരിക്കണം എന്ന ആവശ്യമുന്നയിച്ച് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കളടക്കം ശങ്കര്‍ വിഹാറില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. പെണ്‍കുട്ടിക്കും കുടുംബത്തിനും നീതി വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ആര്‍മി ക്യാംപസിനുള്ളിനാണ് സംഭവം നടന്നത്. ഇത് സുരക്ഷാവീഴ്ചയാണ്. ഇവിടം പോലും സുരക്ഷിതമല്ലെങ്കില്‍ പിന്നെ സാധാരണക്കാരുടെ അവസ്ഥയെന്താണ് എന്നും പ്രതിഷേധക്കാര്‍ ചോദിക്കുന്നു. അതേസമയം ആര്‍മി ക്യാംപസിലെ അധികൃതര്‍ അന്വേഷണത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പമുണ്ട്, അന്വേഷണ സംബന്ധമായ എന്ത് ആവശ്യത്തിനും മടികൂടാതെ തങ്ങളെ സമീപിക്കാം. കൂടെയുണ്ടാകും എന്ന് ആര്‍മി വക്താവ് വ്യക്തമാക്കി. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം എന്നീ വകുപ്പുകള്‍ പ്രതിക്കുമേല്‍ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

An eight-year-old girl, who went missing from her house on Monday evening, was found murdered in Delhi's army cantonment area. According to police, the girl was allegedly strangled by a teenager living in her neighbourhood in south-west Delhi's Vasant Vihar after she resisted a rape bid.