ആലപ്പുഴ അരൂക്കുറ്റിയിൽ സഹോദരി ഭർത്താവിനെ യുവാവ് കൊലപ്പെടുത്തി. വടുതല ചക്കാല നികർത്തിൽ റിയാസ് ആണ് കൊല്ലപ്പെട്ടത്. ലഹരി ഉപയോഗിച്ച ശേഷം സഹോദരിയെ പതിവായി മർദിക്കുന്നത് ചോദിക്കാനെത്തിയപ്പോൾ ഉണ്ടായ തർക്കത്തിനൊടുവിലാണ് കൊലപാതകം. കേസിൽ റിയാസിന്റെ ഭാര്യാസഹോദരൻ റനീഷ്, പിതാവ് നാസർ എന്നിവരെ പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രിയിലാണ് 36 കാരനായ റിയാസ് സുഹൃത്തിൻ്റെ വീട്ടിൽ വച്ച് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട റിയാസും സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നു. ലഹരി ഉപയോഗിച്ച ശേഷം റിയാസ് ഭാര്യയെ സ്ഥിരമായി മർദ്ദിക്കുകയും ചെയ്തിരുന്നു. ഇന്നലെ രാത്രിയും വഴക്കും മർദ്ദനവും ഉണ്ടായി.
ഇതിനു ശേഷം റിയാസ് സുഹൃത്ത് നിബുവിന്റെ വീട്ടിലെത്തി. ഇവിടെയെത്തിയ റനീഷും നാസറും റിയാസുമായി തർക്കമുണ്ടായി. തുടർന്ന് റനീഷ് ക്രിക്കറ്റ് സ്റ്റംപ് ഉപയോഗിച്ച് റിയാസിനെ അടിച്ചു. ഇതിനു ശേഷം മടങ്ങിയ ഇരുവരെയും റിയാസ് വെല്ലുവിളിച്ചു. തിരികെയെത്തിയ റനീഷ് റിയാസിനെ വീണ്ടും മർദ്ദിക്കുകയും കത്തി ഉപയോഗിച്ച് കുത്തികൊലപ്പെടുത്തുകയുമായിരുന്നു. കൊല്ലപ്പെട്ട റിയാസ് ആലുവ സ്വദേശിയാണ്. വിവാഹത്തിന് ശേഷം അരൂക്കുറ്റിയിലാണ് താമസം.