ഗുജറാത്തിലെ സൂറത്തില്‍ കുടുംബാംഗങ്ങളെ കൊലപ്പെടുത്താന്‍ ശ്രമിച്ച് വ്യവസായി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സർതാനയില്‍ വെള്ളിയാഴ്ചയാണ് സംഭവം. സ്വന്തം ഭാര്യയുടേയും മകന്‍റേയും മാതാപിതാക്കളുടേയും കഴുത്തറുത്തതിനു ശേഷമാണ് വ്യവസായിയായ സ്മിത് ജിയാനി ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇയാളുടെ ഭാര്യയും മകനും മരിച്ചു. മാതാപിതാക്കളും യുവാവും ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യവസായിയുടെ ഭാര്യ ഹിരാള്‍ നാല് വയസ്സുള്ള മകൻ ചാഹിത് എന്നിവരാണ് മരിച്ചത്. പിതാവ് ലഭു, മാതാവ് വിലാസ് എന്നിവരാണ് ഗുരുതരമായി പരുക്കറ്റ് ചികില്‍സയില്‍ കഴിയുന്നത്. കുടുംബാംഗങ്ങളുടെ കഴുത്തറുത്തതിന് ശേഷം സ്വന്തം കൈത്തണ്ടയും കഴുത്തുമറുത്താണ് വ്യവസായി ആത്മഹത്യക്ക് ശ്രമിച്ചത്. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്മിത് ജിയാനിക്ക് ഓൺലൈൻ ബിസിനസികളുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.
സൗരാഷ്ട്രയിലെ അമ്രേലി ജില്ലയിലെ സവർകുണ്ഡ്‌ല സ്വദേശികളായ കുടുംബം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നഗരത്തില്‍ സ്ഥിര താമസമാക്കിയത്. സാർത്താനയിലെ രാജ്ഹൻസ് സ്വപ്‌ന കോംപ്ലക്‌സിലെ സൂര്യ ടവറിന്‍റെ എട്ടാം നിലയിലെ വീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. രാവിലെ 9 മണിയോടെ രക്തം വാർന്നൊലിക്കുന്ന നിലയില്‍ അപ്പാർട്ട്മെൻ്റിൽ നിന്ന് വ്യവസായുടെ മാതാവ് പുറത്തേക്ക് ഓടുകയായിരുന്നു. സമീപവാസികളാണ് ആംബുലൻസ് വിളിച്ച് പൊലീസിൽ വിവരമറിയിക്കുന്നത്.
ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോളും വിലാസിന് ബോധമുണ്ടായിരുന്നു. അഞ്ച് ദിവസം മുമ്പ് ലഭുവിന്‍റെ സഹോദരന്‍ മറിച്ചതായി അവര്‍ പൊലീസിനോട് പറഞ്ഞു. സ്മിത് ജിയാനിയും കുടുംബവും മരണവീട്ടില്‍ ചെന്നിരുന്നു. എന്നാല്‍ തങ്ങളുമായി ഒരു ബന്ധവും പുലർത്താൻ ആഗ്രഹിക്കുന്നില്ലെന്നും ഇങ്ങോട്ട് വരരുതെന്നും ലഭുവിന്‍റെ സഹോദരന്‍റെ കുടുംബം പറഞു. താന്‍ ഒറ്റയ്ക്കാണെന്നും തന്നോട് ബന്ധം പുലര്‍ത്താന്‍ ആരും ആഗ്രഹിക്കുന്നില്ലെന്നും ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടാണ് യുവാവ് ആക്രമിച്ചതെന്ന് വിലാസ് പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ യുവാവിനെതിരെ കൊലപാതകത്തിനും വധശ്രമത്തിനും കേസെടുത്തിട്ടുണ്ട്.