വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് സിപിഎം. ബത്തേരി അർബൻ ബാങ്കിലെ നിയമനങ്ങളുടെ പേരിൽ കോടികളുടെ തട്ടിപ്പ് നടന്നതായും പാർട്ടിയിലെ ഉന്നതർ എൻ.എം. വിജയനെ ബലിയാടാക്കിയെന്നും ആരോപണം. ആത്മഹത്യാ കുറിപ്പ് നേതാക്കൾ മുക്കിയെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും സിപിഎം ബത്തേരി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടോടെയാണ് എൻ.എം. വിജയനേയും മകൻ ജിജേഷിനെയും മണിച്ചിറയിലെ വീട്ടിൽ വിഷം അകത്ത് ചെന്ന് അവശനിലയിൽ കണ്ടെത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന മകന് വിഷം നൽകിയശേഷം വിജയൻ കഴിക്കുകയായിരുന്നെന്നാണ് സ്ഥിരീകരണം. വിഷയത്തിൽ ദുരൂഹത ആരോപിച്ച് സി പി എം ബത്തേരി ഏരിയ കമ്മിറ്റി രംഗത്തെത്തി. ബത്തേരി അർബൺ ബാങ്കിൽ നിയമനം നൽകാമെന്ന് പറഞ്ഞ് 13 പേരിൽ നിന്നായി കോൺഗ്രസ് നേതാക്കൾ കോടികൾ കോഴ വാങ്ങിയെന്നും എൻ.എം വിജയനെ നേതാക്കൾ ബലിയാടാക്കിയെന്നും ആരോപണം
എന്‍.എം. വിജയന്‍റെ ആത്മഹത്യ കുറിപ്പ് കോൺഗ്രസ് നേതാക്കൾ മാറ്റിയതായും സിപിഎം സംശയമുന്നയിച്ചു. കോൺഗ്രസിലെ ഉന്നതർ ആത്മഹത്യക്കു പിന്നിലുണ്ടെന്നും ദുരൂഹത നിലനിൽക്കുന്നതിനാൽ സമഗ്ര അന്വേഷണം വേണമെന്നും സിപിഎം ആവശ്യപ്പെട്ടു. അതേ സമയം എൻ.എം വിജയന്റേയും മകന്റെയും മൃതദേഹം നാലരയോടെ വയനാട്ടിലെത്തിച്ചു. ഡിസിസി ഓഫീസിലും, ബത്തേരി ടൗൺ ഹാളിലും പുതുവർഷത്തിന് വച്ചശേഷം മൃതദേഹം സംസ്കാരത്തിനായി വീട്ടിലേക്ക് കൊണ്ടുപോയി.
ഡിസിസി ട്രഷററുടേയും മകന്‍റേയും മരണം അന്വേഷിക്കണമെന്ന ആവശ്യത്തെപ്പറ്റി അറിയില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ഏത് അന്വേഷണവും നടത്തട്ടെയെന്നും ആരെങ്കിലും തെറ്റ് ചെയ്തെങ്കില്‍ സംരക്ഷിക്കില്ലെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. ഡി.സി.സി ട്രഷററുടേയും മകന്റെയും ആത്മഹത്യ കെപിസിസി അന്വേഷിക്കണമെന്നും ഡിസിസിക്ക് ഒന്നും ഒളിക്കാനില്ലെന്നും കോണ്‍ഗ്രസ് വയനാട് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്‍റ് എന്‍.ഡി.അപ്പച്ചന്‍ പറഞ്ഞു.