ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ അച്ഛനും മുത്തച്ഛനും അമ്മാവനും ചേർന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു. ഔറയ്യ സ്വദേശിയായ പതിനാലുകാരിയാണ് ക്രൂരതയ്ക്കിരയായത്. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് നടുക്കുന്ന സംഭവം പുറംലോകമറിഞ്ഞത്. പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണെന്ന് പ്രാഥമിക പരിശോധനയില്‍ സ്ഥിരീകരിച്ചു.
മൂവരും ചേര്‍ന്ന് ഒരു വർഷത്തോളം പെണ്‍കുട്ടിയെ തുടർച്ചയായി ബലാല്‍സംഗം ചെയ്തതായാണ് പൊലീസ് പറയുന്നത്. വ്യാഴാഴ്ചയാണ് സംഭവത്തില്‍ പരാതിയുമായി തന്‍റെ അമ്മായിയോടൊപ്പം പൊണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ എത്തുന്നത്. പത്തുവര്‍ഷം മുന്‍പ് പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും തമ്മില്‍ വഴക്കുണ്ടാകുകയും തുടര്‍ന്ന് പെണ്‍കുട്ടിയുമായി അമ്മ ഡൽഹിയിലേക്ക് താമസം മാറുകയുമായിരുന്നു. നാല് വർഷം മുമ്പാണ് അച്ഛനും അമ്മാവനും ചേര്‍ന്ന് പെണ്‍കുട്ടിയെ ഡൽഹിയിൽ നിന്ന് തിരികെ ഗ്രാമത്തിലേക്ക് കൊണ്ടുവരുന്നത്. കഴിഞ്ഞ വർഷം അമ്മ മരിച്ചുവെന്ന് പ്രതികള്‍ പെണ്‍കുട്ടിയെ വിശ്വസിപ്പിക്കുകയും ചെയ്തു.
'കഴിഞ്ഞ ഒരു വർഷമായി അച്ഛനും അമ്മാവനും മുത്തച്ഛനും ചേർന്ന് ബലാല്‍സംഗം ചെയ്തു. മുത്തച്ഛൻ പറമ്പിലേക്ക് കൊണ്ടുപോയി മോശമായി പെരുമാറാറുണ്ടെന്നും അമ്മാവൻ മുറിയിൽ അതിക്രമിച്ചു കയറിയും അച്ഛൻ കെട്ടിയിട്ടും ബലാല്‍സംഗം ചെയ്തു'വെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. എതിർത്തപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
രണ്ട് മാസം മുമ്പ് പെൺകുട്ടി ഗർഭിണിയായപ്പോൾ ഇക്കാര്യം അമ്മായിയെ അറിയിച്ചെങ്കിലും അവര്‍ സഹായിച്ചില്ല. ഡിസംബർ 22ന് തന്‍റെ അച്ഛനും അമ്മാവനും മുത്തച്ഛനും ചേർന്ന് തന്നെ കൊല്ലാൻ ഗൂഢാലോചന നടത്തിയതായി പെൺകുട്ടി വെളിപ്പെടുത്തി. ഇവരില്‍ നിന്നും അമ്മായിയുടെ വീട്ടിലേക്ക് പെണ്‍കുട്ടി രക്ഷപ്പെടുകയായിരുന്നു. അമ്മായിയാണ് പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്.
പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്സോ നിയമപ്രകാരം കേസ് റജിസ്റ്റർ ചെയ്ത പൊലീസ് അന്നേ ദിവസം രാത്രിയോടെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.