കൊല്ലം കുണ്ടറ പടപ്പക്കരയിൽ അമ്മയെയും മുത്തച്ഛനെയും കൊന്ന ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് പിടികൂടി. പടപ്പക്കര പുഷ്പ വിലാസത്തിൽ അഖിലിനെ ജമ്മു കശ്മീരില്‍ നിന്നാണ് കുണ്ടറ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഒാഗസ്റ്റ് പതിനാറിനാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
ലഹരിക്കടിമയായ അഖിൽ അമ്മയെയും മുത്തച്ഛനെയും കൊല്ലുകയായിരുന്നു. അമ്മ പുഷ്പലതയെയാണ് ആദ്യം അഖില്‍ ആക്രമിച്ചത്. കട്ടിലിൽ കിടക്കുകയായിരുന്ന അമ്മയെ തലയണ കൊണ്ട് അഖിൽ ശ്വാസം മുട്ടിച്ചു. നിലത്തു വീണ പുഷ്പലതയുടെ തലയിൽ ചുറ്റിക കൊണ്ട് അടിച്ചു. കൂർത്ത ആയുധം കൊണ്ട് മുഖത്ത് കുത്തി. അമ്മ മരിക്കുംവരെ അഖില്‍ കാത്തുനിന്നു. തൊട്ടടുത്ത മുറിയിലായിരുന്ന പുഷ്പലതയുടെ അച്ഛൻ ആന്‍റണിയെയും അഖില്‍ ആക്രമിച്ചു. ചുറ്റിക കൊണ്ട് മുത്തച്ഛന്‍ ആന്റണിയെ തലയ്ക്കടിച്ച് വീഴ്ത്തി.
പഞ്ചാബിൽ പഠിക്കുന്ന പുഷ്പലതയുടെ മകൾ രാവിലെ അമ്മയെ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് വീടിനടുത്ത് താമസിക്കുന്നവര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതകം പുറത്തറിയുന്നത്. നാട്ടുകാരും പൊലീസും ചേർന്ന് ആന്‍റണിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. പൊലീസ് എത്തും മുന്‍പേ അഖില്‍ നാടുവിട്ടിരുന്നു. അമ്മ പുഷ്പലതയുടെ ഫോൺ വില്‍പ്പന നടത്തിയ ശേഷം ഡല്‍ഹിക്ക് പോവുകയായിരുന്നു. മണാലിയിൽ 45 ദിവസം അഖിൽ താമസിച്ചു. ഡൽഹിയിലെ എടിഎമ്മിൽ നിന്ന് പുഷ്പലതയുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം പ്രതി പിൻവലിച്ചിരുന്നു. ഹോട്ടലുകളിലും കടകളിലും ജോലി ചെയ്താണ് യാത്രയ്ക്കുള്ള പണം കണ്ടത്തിയിരുന്ന അഖിലിനെ ജമ്മുകശ്മീരിലെ ശ്രീനഗറില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.