കോഴിക്കോട് പന്തീരാങ്കാവ് വില്ലേജ് ഓഫീസർ കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിൽ. കണ്ണൂർ ചാലാട് സ്വദേശി എം പി അനിൽകുമാർ ആണ് വിജിലൻസിന്റെ പിടിയിലായത്. പെട്രോൾ പമ്പിനായി സ്ഥലം തരം മാറ്റുന്നത് സംബന്ധിച്ച് ആണ് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടത്.
പന്തീരങ്കാവ് കൈമ്പാലത്തെ ഒരേക്കർ ഭൂമിയിൽ 30 സെന്റ് സ്ഥലം തരം മാറ്റുന്നത് സംബന്ധിച്ചാണ് വില്ലേജ് ഓഫീസർ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടത്. ഇതിൽ ആദ്യ ഘടുവായി 50,000 രൂപ വാങ്ങാനായി മെഡിക്കൽ കോളജിന് സമീപത്തെ സ്വകാര്യ ഹോട്ടലിൽ എത്തിയപ്പോഴാണ് പിടിയിലാകുന്നത്. 15 വർഷമായി അനിൽകുമാർ വില്ലേജ് ഓഫീസറായി ജോലി ചെയുന്നു. ഈ വർഷമാണ് പന്തീരങ്കാവിലേക്ക് സ്ഥലം മാറി എത്തിയത്. ഇയാൾക്കെതിരെ മുൻപും പരാതികൾ ഉയർന്നതിനാൽ വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു. അതിനിടെയാണ് കൈക്കൂലി കേസിൽ പിടിയിലാകുന്നത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി വിജിലൻസ് കോടതിയിൽ ഹാജരാക്കും.
അതേസമയം, ഇടുക്കിയില്‍ കൈക്കൂലി വാങ്ങുന്നതിനിടയിൽ താൽക്കാലിക സർവേയർ പിടിയിലായി. ഇടുക്കി ദേവികുളം താലൂക്കിലെ സർവേയർ എസ് നിതിനാണ് 50000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം നേര്യമംഗലത്ത് വച്ച് പിടിയിലായത്. ബൈസൺ വാലി പൊട്ടൻകാടുള്ള 146 ഏക്കർ വരുന്ന ഏലത്തോട്ടം ഡിജിറ്റൽ സർവേ പ്രകാരം അളന്നു തിട്ടപ്പെടുത്തി കൊടുക്കുന്നതിനാണ് നിതിൻ കൈക്കൂലി വാങ്ങിയത്.
എസ്റ്റേറ്റ് മാനേജരോട് ഒരുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെങ്കിലും അത്രയും തുക നൽകാൻ കഴിയില്ലെന്ന് പറഞ്ഞതിനാൽ 50000 രൂപ നൽകാൻ നിതിൻ ആവശ്യപ്പെട്ടു. എസ്റ്റേറ്റ് മാനേജർ വിവരമറിയിച്ചതിനെ തുടർന്ന് ഇടുക്കി വിജിലൻസാണ് കൈക്കൂലി കൈമാറുന്നതിനിടെ നിതിനെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.