kerala-crime

സംസ്ഥാനത്ത് ഏറ്റവുമധികം കൊലപാതക ശ്രമങ്ങളും ബലാല്‍സംഗവും മോഷണവും വഞ്ചനയും സൈബര്‍ കുറ്റകൃത്യങ്ങളും നടന്ന വര്‍ഷമായി 2024. സ്റ്റേറ്റ് ക്രൈം റെക്കോര്‍‍ഡ്സ് ബ്യൂറോയുടെ നവംബര്‍ വരെയുള്ള കണക്കുപ്രകാരം കുറ്റകൃത്യങ്ങളുടെ എണ്ണം മുമ്പെന്നത്തെക്കാളും വര്‍ധിച്ചു. ഡിസംബറിലെ കണക്ക് കൂടിചേരുമ്പോള്‍ കേസുകളുടെ എണ്ണം ഇനിയും വര്‍ധിക്കും.

2024 ജനുവരി മുതല്‍ നവംബര്‍ വരെ 1029 കൊലപാതക ശ്രമങ്ങളും 2636 ബലാല്‍സംഗക്കേസുകളും 4842 മോഷണക്കേസുകളും രജിസ്റ്റര്‍ ചെയ്തു. സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണം 3346 ആയി വര്‍ധിച്ചു. 2023ലാണ് ഇതിന് മുന്‍പ് പല ഇനം കേസുകളുടെയും എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന ഉണ്ടായത്. കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കാന്‍ ആഭ്യന്തര വകുപ്പിന് സാധിക്കുന്നില്ലെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2022ല്‍ റജിസ്റ്റര്‍ ചെയ്ത കൊലപാതക ശ്രമകേസുകള്‍ 700 എണ്ണമാണ്. 2023ല്‍ ഇത് 991 ആയി. ഈ വര്‍ഷം 11 മാസം കൊണ്ടുമാത്രം 1029 കേസുകള്‍ ഉണ്ടായി.

സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ കേരളം മുന്നിലാണെന്ന അവകാശവാദത്തിന്‍റെ മുനയൊടിക്കുന്നതാണ് വര്‍ധിക്കുന്ന ബലാല്‍സംഗക്കേസുകള്‍. ചരിത്രത്തില്‍ ഇതുവരെ ഏറ്റവുംകൂടുതല്‍ ബലാല്‍സംഗക്കേസുകള്‍ രജിസ്റ്റര്‍ ചെയ്ത വര്‍ഷമായി 2024. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ബലാല്‍സംഗക്കേസുകളുടെ എണ്ണം 2500ന് മുകളില്‍ എത്തുന്നത്. 2023ല്‍ റജിസ്റ്റര്‍ ചെയ്തത് 2562 കേസുകള്‍. 2024 നവംബര്‍ ആയപ്പോള്‍ത്തന്നെ ബലാല്‍സംഗക്കേസുകളുടെ എണ്ണം 2636 ആയി.

സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 2024 ജനുവരി മുതല്‍ നവംബര്‍ വരെ 3346 കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഞെട്ടിക്കുന്ന വര്‍ധനയാണ് കഴിഞ്ഞ രണ്ടുവര്‍ഷം ഉണ്ടായത്. 2022ല്‍ 773 കേസുകള്‍ ഉണ്ടായിടത്ത് 2023ല്‍ 3295 കേസുകള്‍ വന്നു. എന്നാല്‍ 2024 നവംബറില്‍ത്തന്നെ കേസുകളുടെ എണ്ണം ഇതിലും കൂടി.

ഏറ്റവും കൂടുതല്‍ മോഷണക്കേസുകളും വഞ്ചനക്കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വര്‍ഷം കൂടിയാണ് 2024. കഴിഞ്ഞവര്‍ഷം 4686 മോഷണങ്ങളും 11029 വഞ്ചനക്കേസുകളും റജിസ്റ്റര്‍ ചെയ്തിടത്ത് ഈ വര്‍ഷം 4842 മോഷണങ്ങളും 12595 വഞ്ചനക്കേസുകളും വന്നു.

ഡിസംബറിലെ കണക്കുകള്‍ കൂടി ചേര്‍ക്കാനുണ്ട്. കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കാന്‍ സാധിച്ചില്ലെന്നതിനപ്പുറം വന്‍തോതില്‍ വര്‍ധിക്കുന്നത് അതീവഗുരുതരമായ സാഹചര്യമാണ്. മറ്റ് കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ 2024ലെ സമഗ്ര റിപ്പോര്‍ട്ട് പുറത്തെത്തുന്നതോടെ സംസ്ഥാനത്തെ യഥാര്‍ഥസാഹചര്യം വ്യക്തമാകും.

ENGLISH SUMMARY:

Updated List Of Crimes Till Nov 2024 Of Kerala Crime Records Bureau